കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ വികസനത്തിന്റെ മൂന്നാം ഘട്ടത്തിന് സമർപ്പിക്കപ്പെട്ട ടെൻഡറുകൾ ഈ ആഴ്ച പരിശോധിക്കും. ഒമ്പതു കമ്പനികളാണ് ടെൻഡർ സമർപ്പിച്ചത്.
എയർക്രാഫ്റ്റ് ഹാങ്ങേഴ്സ് നിർമാണം അറ്റകുറ്റപ്പണി, റൺവേ, പുതിയ പാസഞ്ചർ കെട്ടിടത്തിന്റെ സർവിസ് ബിൽഡിങ് എന്നിവയുൾക്കൊള്ളുന്നതാണ് ഈ ഘട്ടം. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
രണ്ടാം ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും. കുവൈത്ത് വിമാനത്താവളത്തെ ആഗോള ട്രാൻസിറ്റ് കേന്ദ്രമാക്കാനാണ് വ്യോമയാന വകുപ്പ് ശ്രമിക്കുന്നത്.
77 വിമാനങ്ങളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാർഗോ സിറ്റിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇതോടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ട്രാൻസിറ്റ് ഹബ്ബ് ആയി കുവൈത്ത് മാറുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.