കുവൈത്ത് സിറ്റി: ഉഭയകക്ഷി സഹകരണം കൂടുതൽ വിശാലമാക്കുന്നതിനുള്ള ചർച്ചകളുമായി കുവൈത്തും ജപ്പാനും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ തലത്തിലുള്ള രാഷ്ട്രീയ കൂടിയാലോചനയുടെ മൂന്നാമത്തെ സെഷൻ ശനിയാഴ്ച നടന്നു.
ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് ഫോറിൻ മിനിസ്റ്റർ അംബാസഡർ സമീഹ് ഹയാത്ത് ചർച്ചയിൽ കുവൈത്ത് പക്ഷത്തെ നയിച്ചു. അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മിഡിൽ ഈസ്റ്റേൺ ആൻഡ് ആഫ്രിക്കൻ ബ്യൂറോയുടെ ഡയറക്ടർ ജനറലുമായ നാഗോക്ക കൻസുകെ ജാപ്പനീസ് പക്ഷത്തെ അധ്യക്ഷനായി.
പല വിഷയങ്ങളിലും ഇരുപക്ഷവും ഒരേ വീക്ഷണങ്ങൾ പങ്കുവെച്ചതായും പ്രതീക്ഷകൾ നൽകുന്ന അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി. ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട കരാറുകൾ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാലോചനകൾ തുടരും.
സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വിശാലമാക്കുന്നതിനുള്ള പ്രതിബദ്ധത ചർച്ചയിൽ ഉരുത്തിരിഞ്ഞു.
പ്രാദേശികവും അന്തർദേശീയവുമായ സംഭവങ്ങളും മിഡിൽ ഈസ്റ്റ്, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ സംഭവവികാസങ്ങളും ചർച്ചയിൽ വന്നു. നവീകരിക്കാവുന്ന ഊർജം, എണ്ണ, പെട്രോകെമിക്കൽസ് എന്നിവക്കു പുറമെ സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, സാംസ്കാരികം, ശാസ്ത്രം, സാങ്കേതികം, അക്കാദമിക് മേഖലകളിലെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തവും പരിശോധിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷിക്ക് എഴുതിയ സന്ദേശം സമീഹ് ഹയാത്ത് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.