കുവൈത്ത് സിറ്റി: ഒടുവിൽ അവർ മടങ്ങി. ഇനിയൊരു തിരിച്ചുവരവില്ലാത്ത ലോകത്തേക്ക്. പലയിടങ്ങളിൽ നിന്നായി വന്ന് കുവൈത്തിൽ കണ്ടുമുട്ടിയവർ. പിന്നെ മൻഗഫിലെ ഒരേ മുറിയിലും കെട്ടിടത്തിലും പല നാളുകൾ ഒരുമിച്ചുറങ്ങിയവർ. പ്രവാസഭൂമികയിലിരുന്ന് നാടിനെയും വീടിനെയും കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ കണ്ടവർ. നാട്ടിലേക്കുള്ള ഓരോ യാത്രയിലും സന്തോഷിക്കുകയും തിരിച്ചുവരവിൽ വിരഹത്തിന്റെ വിഷാദങ്ങൾ കണ്ണ് നിറക്കുകയും ചെയതവർ.
ബുധനാഴ്ച പുലർച്ച ഉറക്കത്തിനിടെ വന്നുമൂടിയ തീയും പുകയും കെടുത്തിയത് ആ നിറമുള്ള സ്വപ്നങ്ങളെയാണ്. ചെറിയൊരു തീനാളം അഗ്നിഗോളമായി വളർന്ന് കെട്ടിടത്തെ മൂടിയപ്പോൾ ജീവിതത്തിലേക്ക് കൺതുറക്കാനാകാതെ 49 പേർ മരണത്തിന് കീഴടങ്ങി. അപകടത്തിന് പിറകെ പല ആശുപത്രികളിലേക്കായി ആളുകളെ കൊണ്ട് വാഹനങ്ങൾ പാഞ്ഞു. മരണസംഖ്യ മിനുറ്റുകൾ വെച്ച് ഉ
യർന്നു. ആശങ്കകൾ നിറഞ്ഞ മണിക്കൂറുകൾകൊടുവിൽ കുവൈത്തിനൊപ്പം മലയാളക്കരയെയും ഞെട്ടിച്ച വൻ ദുരന്തമായി അപകടം മാറി. 49 പേരുടെ മൃതദേഹങ്ങൾ ദജീജിലെ മോർച്ചറിയിൽ എത്തി. വ്യാഴാഴ്ച തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ എംബാം ചെയ്ത് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ച ഒരുമണിയോടെ 45 മൃതദേഹങ്ങളുമായി ഇന്ത്യൻ എയർഫോഴ്സ് വിമാനം കുവൈത്തിൽനിന്ന് പുറപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലെത്തിയ വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറി. നെടുമ്പാശ്ശേരിയിൽ നിരത്തിവെച്ച മൃതദേഹങ്ങൾ നൊമ്പരക്കാഴ്ചയായി. ഒരിക്കൽ തങ്ങളുടെ ജീവിതസ്വപ്നങ്ങളിലേക്ക് കണ്ണീരോടെ കൈവീശി വിമാനത്താവളത്തിന്റെ ബോർഡിങ് ഗേറ്റിലേക്ക് നടന്നുപോയവർ ഒടുവിൽ ജീവനറ്റ ദേഹങ്ങളായായി വിമാനമിറങ്ങിവരുന്നത് ആരും പ്രതീക്ഷിച്ചതല്ല. കണ്ണീർ പൂക്കളോടെ മലയാളി സമൂഹം വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചു.
നെടുമ്പാശ്ശേരിയിൽനിന്ന് പലവഴികളിലേക്കായി അവർ പിന്നെയും യാത്രയായി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക്, വീടുകളിലേക്ക്. പ്രവാസലോകത്ത് നിന്ന് ആഹ്ലാദത്തോടെ വീട്ടിലേക്ക് വന്നു കയറുന്നവർ ജീവനറ്റ് മടങ്ങിവന്നത് ഉൾക്കൊള്ളാനാകാതെ ഓരോ വീടുകളും അപ്പോൾ മൂകമായി.
കടലിനക്കരെനിന്ന് പിതാവ് മിഠായികളും കളിപ്പാട്ടങ്ങളുമായി പറന്നുവരുന്നത് കാത്തിരുന്ന കുഞ്ഞുമക്കളുടെ ഇടയിലേക്കാണ് പലരും നിശ്ചലമായ ശരീരങ്ങളായി വന്നണഞ്ഞത്. ഏറെ പ്രിയപ്പെട്ടവൻ ഇനി തനിക്കൊപ്പമില്ലെന്ന സത്യം ഉൾക്കൊള്ളാക്കാനാവാതെ അവരുടെ ഭാര്യമാർ ഒന്നും കണ്ടു നിൽക്കാനാകതെ കണ്ണീർക്കടൽ തീർത്തു. സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറിയ മകന്റെ മുഖം പോലും ശരിക്കൊന്ന് കാണാൻ പോലുമാകാതെ രക്ഷിതാക്കളുടെ വേദനകൾ കണ്ണുനീരായി പുറത്തേക്കൊഴുകി. ഒരിക്കൽ പലവിധ പ്രതീക്ഷകളുമായി പ്രവാസഭൂമികയിലേക്ക് വിമാനം കയറിയ ആ 49 പേർ ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടക്കവെ ഒരിക്കലും ഇങ്ങനൊരു തിരിച്ചുപോക്ക് സ്വപ്നം കണ്ടിട്ടുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.