കുവൈത്ത് സിറ്റി: നിരവധിയാളുകളുടെ ജീവൻ അപഹരിച്ച മംഗഫ് തീപിടിത്ത ദുരന്തത്തിൽ ആഭ്യന്തര മന്ത്രാലയം, ജനറൽ ഫയർഫോഴ്സ്, ആരോഗ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ ഇടപെടലിന് മന്ത്രിസഭ യോഗം നന്ദിയും അഭിനന്ദനവും അറിയിച്ചു. യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. അപകടത്തിൽ മരണപ്പെട്ടവർക്ക് ധനസഹായം നൽകുന്നതിനും മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കൈക്കൊണ്ട മാനുഷിക പ്രവർത്തനത്തെ മന്ത്രിസഭ അഭിനന്ദിച്ചു.
പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കെട്ടിടങ്ങളും സൗകര്യങ്ങളും ലംഘിക്കുന്നവരെ ലക്ഷ്യമിട്ടുള്ള രാജ്യ വ്യാപക പരിശോധന കാമ്പയിനെ മന്ത്രിസഭ യോഗത്തിൽ പ്രശംസിച്ചു. പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാനും മറ്റ് മന്ത്രാലയങ്ങളിലെയും ബോഡികളിലെയും ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും യോഗത്തിൽ പ്രശംസിക്കപ്പെട്ടു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും ഹൗസിങ് അഫയേഴ്സ് സഹമന്ത്രിയുമായ ഡോ.മുഹമ്മദ് അബ്ദുൽ അസീസ് ബുഷെഹ്രി രാജ്യത്തിന്റെ ചില ഭാഗങ്ങളെ ബാധിച്ച വൈദ്യുതി മുടക്കത്തിന്റെ കാരണങ്ങളെക്കുറിച്ച് മന്ത്രിസഭയിൽ വിശദീകരിച്ചു.
കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തത്തിൽ ചികിത്സയിൽ കഴിഞ്ഞ കൂടുതൽ പേർ ആശുപത്രി വിട്ടു. നിലവിൽ മൂന്ന് ആശുപത്രികളിലായി എട്ടു പേരാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്ന് മലയാളികളടക്കം ഏഴുപേർ ഇന്ത്യക്കാരാണ്. ഒരാൾ ഫിലിപ്പീനി സ്വദേശിയാണ്. ഫിലിപ്പീനി സ്വദേശിയും ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേരും തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. ബാക്കിയുള്ളവർ വൈകാതെ ആശുപത്രി വിടും.
വ്യാഴാഴ്ച അദാൻ ആശുപത്രിയിൽ നാലു പേരും മുബാറക് ആശുപത്രിയിൽ ഒരാളും ജാബിർ ആശുപത്രിയിൽ മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. ഫർവാനിയ ആശുപത്രിയിലെ എല്ലാവരും ഡിസ്ചാർജായി. അദാൻ ആശുപത്രിയിൽ ഒന്ന്, ജാബിർ ആശുപത്രിയിൽ രണ്ട് എന്നിങ്ങനെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.