കുവൈത്ത് സിറ്റി: അടക്കിഭരിക്കലിന്റെയും അധിനിവേശത്തിന്റെയും കറുത്ത ദിനരാത്രങ്ങളിൽനിന്ന് മോചിതരായതിന്റെ ഓർമയിൽ കുവൈത്ത് ശനിയാഴ്ച 62ാമത് ദേശീയദിനം ആഘോഷിക്കുന്നു. ഞായറാഴ്ചയാണ് വിമോചനദിനം. വിവിധങ്ങളായ പരിപാടികളാൽ ഈ രണ്ടുദിനം രാജ്യം ആഘോഷമാക്കും.
ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും എയര്‍ ഷോയും ഒരുക്കിയിട്ടുണ്ട്. ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈത്ത് ടവർ എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രമാകും. വിവിധ ഷോപ്പിങ് കേന്ദ്രങ്ങൾ, കൂട്ടായ്മകൾ എന്നിവ കേന്ദ്രീകരിച്ചും കലാ, വിനോദ പരിപാടികൾ നടക്കും.
കുവൈത്ത് പൗരന്മാർക്കൊപ്പം പ്രവാസികളും ആഘോഷത്തിന്റെ ഭാഗമാകും. വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറും. ബൗദ്ധിക, സാംസ്കാരിക, കലാ മേഖലയിലെ പ്രമുഖരും ആഘോഷത്തിന്റെ ഭാഗമാകാനെത്തും. ദേശീയ-വിമോചന ദിനത്തിൽ വിവിധ രാഷ്ട്രത്തലവന്മാർ കുവൈത്തിന് ആശംസ നേർന്നു.
ഫെബ്രുവരി ഒന്നിന് ബയാൻ പാലസിലും ആറു ഗവർണറേറ്റുകളിലും ദേശീയപതാക ഉയർന്നതോടെ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായിരുന്നു. വൻ കെട്ടിടങ്ങളും സർക്കാർ ഓഫിസുകളും ദേശീയ പതാകകളാലും വർണവിസ്മയങ്ങളാലും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.
ദേശീയ ദിനത്തോടനുബന്ധിച്ച് വാരാന്ത്യ ദിനങ്ങള്‍ ഉൾപ്പെടെ നാലു ദിവസം പൊതു അവധി ആയതിനാൽ രാജ്യവും ജനങ്ങളും ആഘോഷത്തിമിർപ്പിലാണ്. ബ്രിട്ടീഷ് അധിനിവേശത്തില്‍നിന്ന് സ്വതന്ത്രമായതിന്റെ ആഘോഷമായാണ് ഫെബ്രുവരി 25ന് രാജ്യം ദേശീയദിനം കൊണ്ടാടുന്നത്.
1961ല്‍ സ്വതന്ത്രമായ കുവൈത്ത് ത്വരിതവേഗത്തിലാണ് ലോകരാജ്യങ്ങളിൽ ശ്രദ്ധേയമായ ഇടം നേടിയെടുത്തത്. എണ്ണപ്പണത്തിന്റെ കരുത്തിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള സാമ്പത്തിക രാജ്യങ്ങളില്‍ ഒന്നായി കുവൈത്ത് ഉയർന്നു. 1990 ആഗസ്റ്റിൽ കുവൈത്തിലേക്ക് ഇറാഖ് അധിനിവേശം നടത്തുകയും കീഴ്പ്പെടുത്തുകയും ചെയ്തു.
രാജ്യത്തിനും ജനങ്ങൾക്കും ദുരിതത്തിന്റെ കറുത്ത ദിനങ്ങൾ സമ്മാനിച്ച ആ ദിവസങ്ങളിൽനിന്ന് 1991 ഫെബ്രുവരി 26ന് രാജ്യം മോചനം നേടി. ഇറാഖ് അധിനിവേശത്തില്‍നിന്ന് മോചിതമായതിന്റെ വാര്‍ഷികമാണ് വിമോചന ദിനമായി ആഘോഷിക്കുന്നത്.
കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങൾ അതിരുകവിയരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ആഘോഷങ്ങള്‍ വിജയകരമാക്കാന്‍ സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. അവധിദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിട്ടുണ്ട്.
നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങൾക്കോ വാഹനങ്ങൾക്കോ മീതെ ഫോം സ്പ്രേ, വെള്ളം തുടങ്ങിയവ ചീറ്റിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
ഗതാഗതം തടസ്സപ്പെടുത്തുക, വാഹനങ്ങളുടെ മുകളിലോ മുൻവശത്തോ ഇരിക്കുക, വാഹനങ്ങളുടെ ജനൽ വഴി കൈയും തലയും പുറത്തിടുക, നിരോധിത സ്ഥലങ്ങളിലോ ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സ്ഥലത്തോ പാർക്ക് ചെയ്യുക, അമിതവേഗത്തിൽ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. റോഡിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നവരെയും പിടികൂടും.
വാഹനത്തിന്റെ ജനാലകൾ, നമ്പർ പ്ലേറ്റ് മുതലായവ പതാകകളോ മറ്റേതെങ്കിലും അലങ്കാരങ്ങളോ ഉപയോഗിച്ച് മറയ്ക്കരുത്. ആഘോഷവേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.