കുവൈത്ത് സിറ്റി: പ്രവാസി പ്രവേശന നടപടികളിലെ കൃത്രിമത്തം കുറക്കുന്നതിനായി കുവൈത്ത് വിസ ആപ് തയാറാക്കുന്നു. ഇത് ഉടൻ പുറത്തിറക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അറിയിച്ചു. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് കുവൈത്ത് വിസ ആപ്പ് ലക്ഷ്യമിടുന്നതെന്ന് ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതിയുടെ ആദ്യ യോഗത്തിൽ ശൈഖ് തലാൽ അൽഖാലിദ് വിശദീകരിച്ചതായി ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.
കൃത്രിമവും വഞ്ചനാപരവുമായ വിസകൾ നിയന്ത്രിക്കൽ, ക്രിമിനൽ രേഖകളോ പകർച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയൽ എന്നിവ ലക്ഷ്യങ്ങളാണ്. തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഉൾപ്പെടുന്ന സ്മാർട്ട് എംപ്ലോയീസ് ഐഡിയും ശൈഖ് തലാൽ ഖാലിദ് പ്രഖ്യാപിച്ചതായി കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. സമൂഹത്തിലെ സുരക്ഷ, ജനസന്തുലിതാവസ്ഥ കൊണ്ടുവരുക, തൊഴിൽ വിപണിയെ നിയന്ത്രിക്കുക, കൃത്രിമത്തവും വഞ്ചനയും കുറക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.