കുവൈത്ത് സിറ്റി: ജനുവരി ഒന്നു മുതൽ മാർച്ച് അവസാനം വരെ കുവൈത്ത് എണ്ണ ഉൽപാദനം വെട്ടിക്കുറക്കും. എണ്ണ ഉൽപാദനം കുറക്കുന്നതിനുള്ള ഒപെക്, ഒപെക് ഇതര സഖ്യത്തിന്റെ തീരുമാനത്തെ തുടർന്നാണ് നടപടിയെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബരാക്ക് വ്യക്തമാക്കി. പ്രതിദിനം 135,000 ബാരൽ ഉൽപാദനമാണ് കുവൈത്ത് സ്വമേധയാ വെട്ടിക്കുറക്കുക. ഇതോടെ കുവൈത്തിന്റെ മൊത്തം ഉൽപാദനം പ്രതിദിനം 2.413 ദശലക്ഷം ബാരൽ ആയി കുറക്കുമെന്നും അദ്ദേഹം മന്ത്രി അറിയിച്ചു.
എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയും നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഉൽപാദനം കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം. അടുത്തിടെ നടന്ന ഒപെക്, ഒപെക് ഇതര മന്ത്രിതല യോഗത്തിൽ സ്വീകരിച്ച മുൻകരുതൽ നടപടികളെ കുവൈത്ത് സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയും കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) ബോർഡ് ചെയർമാനും കൂടിയായ ഡോ. സാദ് അൽ ബരാക്ക് അഭിനന്ദിച്ചു. ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ തമ്മിലുള്ള സഹകരണ പ്രഖ്യാപനത്തിൽ സജീവ പങ്കാളിയായി കുവൈത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപെക്, ഒപെക് ഇതര സഖ്യത്തിന്റെ തീരുമാനത്തെ തുടർന്ന് സഖ്യത്തിലെ എല്ലാ രാജ്യങ്ങളും ഉൽപാദനം കുറക്കാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. നേരത്തെയും വിപണിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയും കണക്കിലെടുത്ത് രാജ്യങ്ങൾ ഉൽപാദനം കുറക്കുന്ന തീരുമാനം എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.