കുവൈത്ത് സിറ്റി: പ്രശസ്തമായ യു.എസ് നാഷനൽ ബുക്ക് അവാർഡിനുള്ള അന്തിമപട്ടികയിൽ കുവൈത്ത് നോവലിസ്റ്റ് ബുതൈന അൽ ഇസ്സയും. റെസ്റ്റ്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ദ ബുക്ക് സെൻസേഴ്സ് ലൈബ്രറി’ എന്ന നോവലിലൂടെയാണ് ബുതൈന അൽ എസ്സ വിവർത്തന സാഹിത്യ വിഭാഗത്തിൽ ഇടം പിടിച്ചത്.
ഫിക്ഷൻ, നോൺ ഫിക്ഷൻ, കവിത, വിവർത്തന സാഹിത്യം, യുവജന സാഹിത്യം എന്നീ വിഭാഗങ്ങളിലായി 25 പേരാണ് അന്തിമപട്ടികയിലുള്ളത്. വിവർത്തന സാഹിത്യ വിഭാഗത്തിൽ ബുതൈന അൽ എസ്സയുടെ നോവലിന് പുറമെ സ്വീഡിഷ്, കോംഗോ, തായ്വാൻ, സിറിയൻ എഴുത്തുകാരുടെ കൃതികളും ഉൾപ്പെടുന്നു. ബുധനാഴ്ച വിജയിയെ പ്രഖ്യാപിക്കും.
കുവൈത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവാണ് ബുതൈന അൽ ഇസ്സ. തക്വീൻ എന്ന പുസ്തകശാലയുടെ സ്ഥാപകയും നിരൂപക പ്രശംസ നേടിയ കൃതികളുടെ പ്രസാധകയുമാണ് ഇവർ.
യു.എസിലെ അഭിമാനകരമായ അവാർഡുകളിലൊന്നാണ് നാഷനൽ ബുക്ക് അവാർഡ്. സാഹിത്യ- സർഗാത്മകത മേഖലയെ പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് 1950 മുതൽ വർഷന്തോറും ഈ പുരസ്കാരം നൽകിവരുന്നു. നോവൽ, നോൺ-ഫിക്ഷൻ, കവിത, വിവർത്തന സാഹിത്യം, യുവജന സാഹിത്യം തുടങ്ങി നിരവധി വിഭാഗങ്ങളിലെ എഴുത്തുകാരെയും നാഷനൽ ബുക്ക് ഫൗണ്ടേഷൻ പിന്തുണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.