കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ലബനാന് കുവൈത്ത് സഹായം തുടരുന്നു. ദുരിതബാധിതർക്ക് ആവശ്യമായ സഹായവുമായി കുവൈത്തിന്റെ രണ്ടാമത്തെ വിമാനം ബൈറൂത്തിലെത്തി. കുവൈത്ത് പരമോന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി മാനുഷിക എയർ ബ്രിഡ്ജിന്റെ ഭാഗമാണ് സപ്ലൈസ് ലോഡെന്ന് കുവൈത്ത് സ്റ്റേറ്റ് ചാർജും മന്ത്രിയുമായ അബ്ദുല്ല അൽ ശഹീൻ പറഞ്ഞു.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി സംഘടിപ്പിച്ച 40 ടൺ വസ്തുക്കളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ബ്ലാങ്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ ലബനീസ് ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയതായി അൽ ശഹീൻ പറഞ്ഞു. രാജ്യത്തെ പിന്തുണക്കുന്നതിൽ കുവൈത്തിന് ലബനീസ് അതോറിറ്റി പ്രതിനിധി അഹമ്ദ് ഇബ്രാഹിം നന്ദി അറിയിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ കുവൈത്ത് എല്ലായ് പോഴും ലബനാനെ പിന്തുണച്ചിരുന്നതും അനുസ്മരിച്ചു. ജനങ്ങളുടെ വലിയ തോതിലുള്ള പലായനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് എല്ലാത്തരം സഹായങ്ങളും ആവശ്യമാണെന്നും അഹ്മദ് ഇബ്രാഹീം വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് വീടുവിട്ട് പലായനം ചെയ്ത ആയിരക്കണക്കിന് ലബനീസ് കുടുംബങ്ങൾക്ക് കെ.ആർ.സി.എസ് നേരത്തേയും സഹായം എത്തിച്ചിരുന്നു.
കുവൈത്ത് സിറ്റി: ലബനാനിൽ സമാധാന പരിപാലന ദൗത്യത്തിൽ ഏർപ്പെട്ട യു.എൻ ഇടക്കാല സേനക്ക് (യുനിഫിൽ) നേരെ ഉണ്ടായ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ആക്രമണത്തിൽ നിരവധി മലേഷ്യൻ സൈനികർക്ക് പരിക്കേറ്റിരുന്നു.
യുനിഫിൽ സേനയെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും സുരക്ഷ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്നും പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കണമെന്നും ലബനാന്റെയും മുഴുവൻ പ്രദേശത്തിന്റെയും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.