കുവൈത്ത് സിറ്റി: സമാധാനം കെട്ടിപ്പടുക്കുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ സംഭാഷണങ്ങൾ ആരംഭിക്കുന്നതിൽ കുവൈത്തിന് വഹിക്കാനാകുന്ന പങ്കിന്റെ പ്രാധാന്യം അടിവരയിട്ട് ഇറ്റാലിയൻ സെനറ്റിന്റെ വൈസ് പ്രസിഡന്റ് മൗറിസിയോ ഗാസ്പാരി. ദേശീയ അസംബ്ലിയുടെ പാർലമെന്ററി സൗഹൃദ കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗാസ്പാരിയുടെ പ്രസ്താവന. സമാധാന പ്രക്രിയയിലും സാമ്പത്തിക സഹകരണത്തിലും പാർലമെന്റുകൾ തമ്മിലുള്ള സംഭാഷണത്തിലും നയിക്കാൻ കഴിയുന്ന കുവൈത്തിനോട് ഇറ്റലിക്ക് വലിയ ബഹുമാനമുണ്ടെന്ന് ഗാസ്പാരി പറഞ്ഞു.
ഇറ്റാലിയൻ-കുവൈത്ത് പാർലമെന്ററി സഹകരണത്തിനായി 2024ന്റെ തുടക്കത്തിൽ കുവൈത്ത് സന്ദർശിക്കാനും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനുമുള്ള ക്ഷണം സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും പാർലമെന്ററി ബന്ധങ്ങളിലൂടെ സാംസ്കാരികവും സാമ്പത്തികവുമായ അടുപ്പം ശക്തിപ്പെടുത്തും.
ഇറ്റലിയും കുവൈത്തും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. ഇറാഖി അധിനിവേശ സമയത്ത് കുവൈത്തിന്റെ സ്വാതന്ത്ര്യത്തിനും ഇറ്റലിയുടെ ശക്തമായ പിന്തുണ അദ്ദേഹം ഉണർത്തി. ഫലസ്തീൻ വിഷയത്തിൽ കുവൈത്തിന്റെ നിലപാടിനെക്കുറിച്ചും ഇരുവിഭാഗവും വിലയിരുത്തി. ഇസ്രായേൽ, ഫലസ്തീൻ എന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെ തത്ത്വവും മുന്നോട്ടുവെച്ചു. കുവൈത്ത് പാർലമെന്ററി പ്രതിനിധികളായ എം.പിമാരായ ഡോ.മുഹമ്മദ് അൽ ഹുവൈല, ഫാരെസ് അൽ ഒതൈബി, ബദർ അൽ ഷമാരി, ബദർ അൽ അൻസി, ഇറ്റലിയിലെ കുവൈത്ത് അംബാസഡർ നാസർ അൽ ഖഹ്താനി എന്നിവരാണ് മൗറിസിയോ ഗാസ്പാരിയെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.