കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ ശൈത്യകാല തമ്പുകൾക്കായുള്ള അപേക്ഷ കുറവ്. കഴിഞ്ഞവർഷം കോവിഡ് പശ്ചാത്തലത്തിൽ തമ്പുകെട്ടാൻ അനുമതി നൽകാതിരുന്നതോടെ അനധികൃതമായി പലരും തമ്പ് നിർമിച്ചു. 5000ത്തിലേറെ അനധികൃത തമ്പുകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം പൊളിച്ചുനീക്കിയത്. എന്നാൽ, പൊതുവിൽ കോവിഡ് ആളുകളെ പുറത്തുപോകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുവെന്നാണ് ഇത്തവണത്തെ കുറഞ്ഞ അപേക്ഷ നൽകുന്ന സൂചന. തണുപ്പ് ശക്തമാകുന്നതോടെ കൂടുതൽ പേർ തമ്പുകെട്ടാൻ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. 300 ദീനാർ ഇൻഷുറൻസ് തുക ആളുകളെ പിറകോട്ടടിപ്പിക്കുന്നതായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ഇത് 100 ദീനാർ ആയി കുറക്കാൻ ഏകദേശ ധാരണയായിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ പറയുന്നു. ഫീസ് കുറക്കണമെന്ന ശൈത്യകാല തമ്പ് കമ്മിറ്റിയുടെ ശിപാർശ മന്ത്രിയുടെ അംഗീകാരത്തിന് കാത്തിരിക്കുകയാണ്. ഇൻഷുറൻസ് ഫീസ് കൂടാതെ 50 ദീനാർ രജിസ്ട്രേഷൻ ഫീസും നൽകണം.
21 വയസ്സിന് മുകളിലുള്ളവർക്ക് തമ്പിന് അപേക്ഷിക്കാം. കുവൈത്തികൾക്കും വിദേശികൾക്കും അപേക്ഷിക്കാൻ അനുമതിയുണ്ട്. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.baladia.gov.kw യിലൂടെയാണ് ഫീസ് അടക്കേണ്ടത്. കെട്ടുന്ന സ്ഥലം, അപേക്ഷകെൻറ വിവരങ്ങൾ (പേര്, സിവില്‍ ഐഡി നമ്പർ), പേമെൻറ് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും നല്‍കേണ്ടത്. നിബന്ധനകള്‍ പാലിച്ചവര്‍ക്ക് മാത്രമേ തമ്പുകെട്ടാനുള്ള അനുമതി നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ശൈത്യകാല തമ്പുകൾക്ക് അനുമതി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രാലയം അനുമതി നൽകിയതോടെയാണ് മുനിസിപ്പാലിറ്റി തമ്പ് ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.