കുവൈത്ത് സിറ്റി: ഇറാഖും കുവൈത്തും തങ്ങളുടെ അതിർത്തികൾ വേർതിരിക്കുന്ന കാര്യത്തിൽ തർക്കമുള്ള സമുദ്രമേഖല ഉൾപ്പെടെ കൃത്യമായ കരാറിലെത്താൻ ശ്രമിക്കുമെന്ന് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. സദ്ദാം ഹുസൈന്റെ കീഴിലുള്ള ഇറാഖ് കുവൈത്ത് ആക്രമിച്ച് മൂന്ന് വർഷത്തിനുശേഷം 1993ൽ ഐക്യരാഷ്ട്ര സഭയാണ് അയൽ സംസ്ഥാനങ്ങൾക്കിടയിൽ യഥാർഥ കര, സമുദ്ര അതിർത്തികൾ സ്ഥാപിച്ചത്.
കുവൈത്തിന്റെ കര അതിർത്തി അംഗീകരിക്കാൻ ഇറാഖി ഉദ്യോഗസ്ഥർ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും സമുദ്രാതിർത്തി തർക്കവിഷയമായി തുടരുകയാണ്. ദീർഘകാലമായി നിലനിൽക്കുന്ന തർക്കം കാരണം മത്സ്യത്തൊഴിലാളികളും കപ്പലുകളും പ്രയാസം നേരിടുന്നുണ്ട്.
ഞായറാഴ്ച ഇറാഖിൽ എത്തിയ വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ കാര്യങ്ങൾ ചർച്ചചെയ്തിരുന്നു.
അതിർത്തി ചർച്ചകൾ വിവിധ സാങ്കേതിക സമിതികൾ വഴി തുടരുമെന്നും ആഗസ്റ്റ് 14ന് ബഗ്ദാദിൽ ചർച്ചയുമായി ബന്ധപ്പെട്ട നിയമ സമിതിയുടെ യോഗം ചേരുമെന്നും സംയുക്ത വാർത്തസമ്മേളനത്തിൽ ഇരുവരും വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേകിച്ച് സമുദ്രാതിർത്തി നിർണയിക്കുന്നതിൽ സമ്പൂർണ സമവായമുണ്ടെന്ന് ശൈഖ് സലിം പറഞ്ഞു. ബസ്രയിലെ കുവൈത്ത് കോൺസുലേറ്റിൽ വാണിജ്യ ഓഫിസ് തുറക്കുമെന്നും ശൈഖ് സലിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.