ആരോഗ്യ മന്ത്രാലയം: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കുന്നതിന് കർശന നടപടികളുമായി ആരോഗ്യ മന്ത്രാലയം.
ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കൽ, പൊതു സുരക്ഷ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. അഞ്ച് സ്വകാര്യ ഹെൽത്ത് സെന്ററുകൾ, 40 മെഡിക്കൽ ക്ലിനിക്കുകൾ, 20 സ്വകാര്യ ഫാർമസികൾ എന്നിവയുടെ ലൈസൻസ് റദ്ദാക്കി. പ്രത്യേക പരിശോധന കമ്മിറ്റികളുടെ നിരീക്ഷണത്തിന്റെയും മെഡിക്കൽ റെസ്പോൺസിബിലിറ്റി അതോറിറ്റിയുടെ അന്വേഷണ ഫലങ്ങളുടെ ശിപാർശകളുടെയും അടിസ്ഥാനത്തിലാണ് നടപടി.സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ പരിശോധനാ സമിതി കണ്ടെത്തി. മെഡിക്കൽ സേവനങ്ങളുടെ നടത്തിപ്പു മുതൽ മെഡിക്കൽ പ്രാക്ടീസ് നിയമങ്ങൾ വരെ പാലിക്കാത്തത് ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ പരിപാലന സംവിധാനത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതിനും രോഗികൾക്ക് ഉചിതമായതും നിയമാനുസൃതവുമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ മാനദണ്ഡങ്ങൾ പാലിക്കുന്നത് പരമപ്രധാനമാണെന്ന സന്ദേശം നൽകലും നടപടികളിലൂടെ ലക്ഷ്യമിടുന്നു.സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിലും സേവനങ്ങൾ നൽകുന്നതുൾപ്പെടെയുള്ള വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. സ്വകാര്യ ഫാർമസികളിൽ നടത്തിയ പരിശോധനയിൽ പലതും നിയന്ത്രിക്കുന്നത് യഥാർത്ഥ ലൈസൻസ് ഉടമകളല്ലെന്ന് തെളിഞ്ഞു.
ഇത്തരം അനധികൃത മാനേജ്മെന്റ് ഫാർമസ്യൂട്ടിക്കൽ, സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്നതായി ആരോഗ്യ മന്ത്രാലയം അധികൃതർ ചണ്ടികാട്ടി.
മെഡിക്കൽ പ്രഫഷനിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ആരോഗ്യ മന്ത്രാലയം, ഉയർന്ന നിലവാരമുള്ള ആരോഗ്യസേവനങ്ങൾ നിലനിർത്തേണ്ടത് നിർണായകമാണെന്ന് ഉണർത്തി. പ്രഫഷനൽ നൈതികത ഉയർത്തിപ്പിടിക്കലും നിയന്ത്രണങ്ങൾ പാലിക്കാനുമുള്ള ഓർമപ്പെടുത്തലാണ് സ്ഥാപനങ്ങൾക്കെതിരായ നടപടി എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.