കുവൈത്ത് സിറ്റി: ഇ -കോമേഴ്സ് മേഖല ശക്തിപ്പെടുത്താനായി ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിൽ വലിയ ഫുൾഫിൽമെന്റ് സെന്റർ തുറന്നു. കുവൈത്തിലെ ദോഹയിൽ എജിലിറ്റി ലോജിസ്റ്റിക്സ് പാർക്കിൽ 80,000 ചതുരശ്ര മീറ്ററിലാണ് അത്യാധുനിക സൗകര്യങ്ങളോടെ കേന്ദ്രം തുറന്നത്.
കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ ഇനീസി, ലുലു ഗ്രൂപ് ഇന്റർനാഷനൽ പ്രൊക്യൂർമെന്റ് ആൻഡ് റീട്ടെയിൽ ഡയറക്ടർമാരായ മുജീബ് റഹ്മാൻ തേപ്പറമ്പിൽ, ഷാബു അബ്ദുൽ മജീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ലുലു ഉന്നത മാനേജ്മെന്റ്, എജിലിറ്റി ലോജിസ്റ്റിക്സ് പാർക് സി.ഇ.ഒ നദീർ സകീൻ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർ സംബന്ധിച്ചു. ഹൈപ്പർ മാർക്കറ്റുകളുടെ ലോജിസ്റ്റിക് ഹബ് ആയി ലുലു ഫുൾഫിൽമെന്റ് സെന്ററിന് മാറാൻ കഴിയും. കുവൈത്തിലെ ഉപഭോക്താക്കൾക്ക് ലോകോത്തര ഓൺലൈൻ ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ഫ്രഷ് ആൻഡ് ഫ്രോസൺ ഭക്ഷ്യ ഉൽപന്നങ്ങളും മറ്റു ഉൽപന്നങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള അത്യാധുനിക സംഭരണ സംവിധാനങ്ങളും സാങ്കേതിക വിദ്യയും ആണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സുരക്ഷിതമായും വേഗത്തിലും കാര്യക്ഷതമയോടെ ഉൽപന്നങ്ങൾ അയക്കാൻ കഴിയും. താപനില ക്രമീകരിക്കാൻ സൗകര്യമുള്ള വാഹനങ്ങളുടെ നീണ്ട നിരയും ഫുൾഫിൽമെന്റ് സെന്ററിന് പിൻബലമേകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.