കുവൈത്ത് സിറ്റി: ഗസ്സയിലെത്തിയ കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ മെഡിക്കൽ സംഘം ചികിത്സയും ശസ്ത്രക്രിയകളും തുടരുന്നു. ആദ്യ ദിവസം സംഘം 40 ശസ്ത്രക്രിയകളും നടത്തി. ഖാൻ യൂനിസിലെ യൂറോപ്യൻ ഗസ്സ ആശുപത്രിയിലും ഗസ്സയുടെ തെക്ക് റഫ സിറ്റിയിലെ കുവൈത്ത് സ്പെഷലൈസ്ഡ് ഹോസ്പിറ്റലിലുമായാണ് ശസ്ത്രക്രിയകൾ നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്തുമെന്ന് മെഡിക്കൽ ഡെലിഗേഷൻ മേധാവി ഒമർ അൽ തുവൈബി പറഞ്ഞു. അഞ്ച് ടണ്ണോളം ഭക്ഷണസാമഗ്രികളും കുട്ടികൾക്കുള്ള ആവശ്യ വസ്തുക്കൾ അടങ്ങിയ ദുരിതാശ്വാസ വാഹനവ്യൂഹം വടക്കൻ ഗസ്സയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ടവർക്കും കുവൈത്ത് സംഘം സഹായം എത്തിക്കുന്നുണ്ടെന്ന് സൊസൈറ്റി ദുരിതാശ്വാസ പദ്ധതികളുടെ തലവൻ മഹ്മൂദ് അൽ മെസ്ബ പറഞ്ഞു. കുട്ടികൾക്ക് വസ്ത്രങ്ങളും മറ്റും വിതരണം ചെയ്തു. കുടുംബങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അവസരവും ഒരുക്കി. കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന അഭയാർഥികൾക്ക് വെള്ളവും ശുചിത്വ സഞ്ചികളും കൈമാറുമെന്നും ജനങ്ങൾക്ക് ചൂടുള്ള ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സക്കാർക്ക് സഹായം നൽകാൻ എല്ലാ സമയത്തും സംഘം തയാറാണെന്നും അറിയിച്ചു. ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിൽ പരിക്കേറ്റും ഗുരുതര രോഗങ്ങളാലും പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി ചൊവ്വാഴ്ചയാണ് കുവൈത്ത് മെഡിക്കൽ സംഘം ഗസ്സയിലെത്തിയത്. കുവൈത്തിൽ നിന്ന് ഗസ്സയിലെത്തുന്ന രണ്ടാമത്തെ മെഡിക്കൽ സംഘമാണിത്. ശസ്ത്രക്രിയകളും, നൂറുകണക്കിനു പേർക്ക് വൈദ്യ പരിചരണവും നൽകിയ സംഘം ഇസ്രായേൽ തകർത്ത ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്സ് പ്രവർത്തനക്ഷമമാക്കുന്നതിനായുള്ള നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്. വിവിധ സ്പെഷാലിറ്റികളിലെ ഡോക്ടർമാർ, നഴ്സ് എന്നിവരുൾപ്പെടെ 17 പേരാണ് കുവൈത്ത് മെഡിക്കൽ ടീമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.