കുവൈത്ത് സിറ്റി: രണ്ടുവർഷത്തെ ഇടവേളക്കുശേഷം കുവൈത്ത് അന്താരാഷ്ട്ര പ്രദർശന നഗരി വാണിജ്യമേളകൾക്കായി തുറന്നുകൊടുക്കുന്നു. ഈമാസം അവസാനത്തോടെ നഗരിയിൽ വാണിജ്യ പ്രദർശനം ആരംഭിക്കുമെന്ന് കുവൈത്ത് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ട് കമ്പനി അറിയിച്ചു. കുവൈത്തിൽ കോവിഡ് വ്യാപനം ആരംഭിച്ചതുമുതലാണ് മിശ്രിഫിലെ പ്രദർശന നഗരിയിൽ വാണിജ്യമേളകൾ നിർത്തലാക്കിയത്. അന്താരാഷ്ട്ര പ്രദർശനങ്ങളാൽ സജീവമായിരുന്ന ഫെയർ ഗ്രൗണ്ട് കഴിഞ്ഞ രണ്ടുവർഷക്കാലമായി രാജ്യത്തെ പ്രധാന കോവിഡ് പ്രതിരോധ കേന്ദ്രമായി തുടരുകയായിരുന്നു. ആരോഗ്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും ചേർന്നു യുദ്ധകാലാടിസ്ഥാനത്തിൽ വാണിജ്യ നഗരിയെ ഫീൽഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു.
ഒന്നാം തരംഗത്തിെൻറ സമയത്ത് കോവിഡ് ബാധിതരായ വിദേശികളെ പ്രധാനമായും പ്രവേശിപ്പിച്ചിരുന്നത് മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ആയിരുന്നു.
പിന്നീട് രാജ്യവ്യാപകമായി വാക്സിനേഷൻ യജ്ഞം ആരംഭിച്ചപ്പോൾ പ്രധാന വാക്സിനേഷൻ കേന്ദ്രവും സജ്ജീകരിച്ചത് ഇവിടെയായിരുന്നു.
കോവിഡ് ആശങ്കൾ മാറി രാജ്യം ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയാണ് രണ്ടര വർഷത്തെ ഇടവേളക്കു ശേഷം മിശ്രിഫ് ഫെയർ ഗ്രൗണ്ടിൽ വ്യാപാരമേളകൾ വീണ്ടും സജീവമാകുന്നത്. ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ട് കമ്പനിയും ബൊട്ടീഖാത്തും സംയുക്തമായി ഒരുക്കുന്ന നവംബർ അവസാനവാരം ആരംഭിക്കുന്ന പെർഫ്യൂം എക്സിബിഷനോടെ ആണ് വാണിജ്യമേളകൾ ആരംഭിക്കുന്നത്.
"We are here" എന്ന തലക്കെട്ടിലാണ് പെർഫ്യൂം പ്രദർശനം ഒരുക്കുന്നത്. അതേസമയം, ഫെയർ ഗ്രൗണ്ട് കേന്ദ്രീകരിച്ച് ആരോഗ്യമന്ത്രാലയം നടത്തിവന്നിരുന്ന ഫീൽഡ് ആശുപത്രിയും വാക്സിനേഷൻ കേന്ദ്രവും നിലവിലെ പോലെ തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചു. 400ഒാളം പ്രാദേശിക, അന്തർദേശീയ കമ്പനികൾ പെർഫ്യൂം എക്സിബിഷെൻറ ഭാഗമാണ്. 797 പവിലിയൻ ഉൾക്കൊള്ളുന്ന പ്രദർശനം നവംബർ അവസാനം ആരംഭിച്ച് ഡിസംബർ പകുതിവരെ നീളും. ആഡംബര സുഗന്ധ ദ്രവ്യങ്ങളുടെ എക്സ്ക്ലൂസിവ് പ്രദർശനവും വിൽപനയുമാണ് മേളയെ ശ്രദ്ധേയമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.