ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദ മൊബൈൽ സ്പീഡ് കാമറയെ കുറിച്ച് വിശദീകരിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങൾ ഇനി സൂക്ഷ്മായി കാമറകൾ ഒപ്പിയെടുക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ബുധനാഴ്ച മുതൽ മൊബൈൽ സ്പീഡ് കാമറകൾ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
38ാമത് ജി.സി.സി ട്രാഫിക് വാരത്തോടനുബന്ധിച്ച് ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന മുദ്രാവാക്യവുമായി നടന്ന വാർത്തസമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പുതുതലമുറ മൊബൈൽ സ്പീഡ് കാമറകൾ ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാണ്. ഗതാഗതം നിരീക്ഷിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ കുറക്കുക, വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
ഗതാഗത ലംഘനങ്ങൾ നിരീക്ഷിക്കാൻ രാജ്യത്ത് നേരത്തെ 1,109 പുതിയ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 413 നിരീക്ഷണ കാമറകൾ തെരുവുകളിലെ ഗതാഗത നിരീക്ഷണത്തിനും 421 ഫിക്സഡ് ട്രാഫിക് കാമറകൾ അമിതവേഗം നിരീക്ഷിക്കാനും 252 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ മറ്റു ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവർത്തിക്കുന്നു.
അതേസമയം, രാജ്യത്ത് പുതിയ ഗതാഗത നിയമം ഈ മാസം 22 മുതൽ പ്രാബല്യത്തിൽ വരും.
1976ലെ 67ാം ആക്ട് ഭേദഗതി ചെയ്തും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷകൾ വ്യവസ്ഥ ചെയ്തുമാണ് പുതിയ നിയമം. നേരത്തെയുള്ള പിഴകളിൽ വൻ വർധനവ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അമിതവേഗം, റെഡ് സിഗ്നൽ ലംഘനം, നടപ്പാതകളിൽ വാഹനം നിർത്തിയിടൽ എന്നിവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തും.
ഗൗരവ ട്രാഫിക് നിയമലംഘനങ്ങളിൽ നിയമലംഘകരെ സംഭവസഥലത്ത് തന്നെ പൊലീസുകാർക്ക് അറസ്റ്റ് ചെയ്യാൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.