കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനായി കരുതല്‍ നടപടികളുമായി കുവൈത്ത് നീതിന്യായ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഹ്യൂമൻ ട്രാഫിക്കിങ് നാഷനൽ സമിതിയും അഭിഭാഷകരുടെ അസോസിയേഷനുമായി സഹകരണ കരാറില്‍ ഒപ്പിട്ടു. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ കുവൈത്ത് പ്രതിജ്ഞാബദ്ധരാണ്. സാമൂഹിക അവബോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ കരാര്‍ ഒപ്പിട്ടതെന്നും മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറിയും നാഷനൽ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ താരിഖ് അൽ അസ്ഫൂർ പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങളും ദേശീയ നിയമങ്ങളും അനുസരിച്ച് സംശയാസ്പദമായ മനുഷ്യക്കടത്ത് കേസുകൾ നിരീക്ഷിക്കും. അതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലംഘനങ്ങൾ കുറക്കുന്നതിനും കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അൽ അസ്ഫൂർ പറഞ്ഞു. പെൺവാണിഭത്തിന് ഇരയായവര്‍ക്ക് നിയമസഹായവും ഉപദേശവും നൽകാനും കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
നേരത്തേ ഹ്യൂമൻ ട്രാഫിക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് അധികൃതര്‍ ആരംഭിച്ചിരുന്നു. നിലവില്‍ കുവൈത്തില്‍ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ലഭിക്കും. മനുഷ്യക്കടത്തിലൂടെ ആളുകളെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.