കുവൈത്ത് സിറ്റി: മൂല്യവർധിത നികുതിക്ക് (വാറ്റ്) പകരം രാജ്യത്ത് എക്സൈസ് നികുതി നടപ്പിലാക്കാന്‍ നീക്കം. നേരത്തെ മൂല്യവർധിത നികുതി നടപ്പിലാക്കാന്‍ ധനകാര്യ വകുപ്പ് പദ്ധതിയിട്ടിരുന്നെങ്കിലും പാര്‍ലമെന്റില്‍നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് എക്സൈസ് നികുതി ചുമത്താന്‍ ആലോചിക്കുന്നത്. മൂല്യവർധിത നികുതി നിർദേശങ്ങളെ എം.പിമാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
കുവൈത്തും ഖത്തറുമാണ് മൂല്യവർധിത നികുതി ഇതുവരെ നടപ്പിലാക്കാത്ത ജി.സി.സി രാജ്യങ്ങള്‍. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പരിഗണനക്ക് വന്നേക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
തുടക്കത്തില്‍ പുകയില, ശീതളപാനീയങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ, ആഡംബര കാറുകൾ, യാച്ചുകൾ എന്നിവക്കായിരിക്കും എക്സൈസ് നികുതി ചുമത്തുക. 10 മുതൽ 25 ശതമാനം വരെയാണ് നികുതി ഈടാക്കുക.
നിർദിഷ്ട എക്സൈസ് നികുതി പ്രകാരം, പ്രതിവർഷം 500 ദശലക്ഷം ദീനാര്‍ വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷ. ആദ്യഘട്ടമെന്ന നിലയില്‍ ആഡംബര വസ്തുക്കൾക്ക് മാത്രമാണ് നികുതി ഏര്‍പ്പെടുത്തുക.
നേരത്തെ വിദേശികൾക്ക് മാത്രമായി റെമിറ്റൻസ് ടാക്സ് നിർദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും എം.പിമാരുടെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, രാജ്യത്ത് നികുതി ഏര്‍പ്പെടുത്തുന്നത് പ്രവാസികളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിരവധി പ്രയാസങ്ങളാല്‍ പ്രതിസന്ധിയിലകപ്പെട്ട പ്രവാസികള്‍ക്ക് നികുതി വലിയ ഭാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.