കുവൈത്ത് സിറ്റി: കുവൈത്തിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായതോടെ ‘മാവേലി’കൾക്കും തിരക്കായി. കുവൈത്തിലെ വിവിധ സംഘടനകളുടെ ഓണാഘോഷം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ആഘോഷങ്ങൾ കൂടുതൽ സജീവമാവും. എല്ലാ ആഘോഷങ്ങളിലും ‘മാവേലികളു’ടെ സാന്നിധ്യവുമുണ്ടാകും. ഇതോടെ മാവേലിവേഷക്കാർക്കും ഇനി തിരക്കുകളുടെ സീസണാണ്.
ഇത്തവണ കുവൈത്തിലെ ആഘോഷങ്ങൾക്ക് പുതിയൊരു ‘മാവേലി’യുടെ സാന്നിധ്യമുണ്ടാകും. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സുരേഷ് ചാലിലാണ് പുതുമുഖം.
വെള്ളിയാഴ്ച പോപ്പിൻസ് ഹാളിൽ നടന്ന സ്നേഹാമൃതം കുവൈത്തിന്റെ ഓണാഘോഷത്തിൽ സുരേഷ് ചാലിൽ മാവേലിവേഷത്തിൽ അരങ്ങേറ്റം കുറിച്ചു. മാവേലിവേഷത്തോടുള്ള ഇഷ്ടംകൊണ്ടാണ് ഇത് തിരഞ്ഞെടുത്തതെന്ന് സുരേഷ് പറഞ്ഞു. വേഷങ്ങൾ ഒരുക്കിക്കൊടുക്കുന്ന അജയഘോഷാണ് സുരേഷിനെ മാവേലിയാക്കി അണിയിച്ചൊരുക്കിയത്. അവധി ദിവസങ്ങളിലും ഒഴിവുസമയത്തും ഈ സീസണിൽ മാവേലിയായി തുടരാനാണ് സുരേഷിന്റെ തീരുമാനം.
15 വർഷത്തോളമായി കുവൈത്തിലുള്ള സുരേഷ് ചാലിൽ ദോഹ പവർപ്ലാന്റിലെ കമ്പനിയിൽ ജീവനക്കാരനാണ്. നിരവധി നാടകങ്ങളിലും ടെലിഫിലിമിലും വേഷമിട്ട സുരേഷിന് കലാരംഗത്ത് മുൻപരിചയവുമുണ്ട്. ഭാര്യ ശ്രീലയും സുരേഷിനൊപ്പം നാടകങ്ങളിൽ സജീവമാണ്. അബ്ബാസിയയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.