കുവൈത്ത് സിറ്റി: രാജ്യത്ത് ചൊവ്വാഴ്ച മുതൽ പുതിയ ഗതാഗത നിയമം ഔദ്യോഗികമായി നിലവിൽ വന്നു. ഗതാഗത അപകടങ്ങൾ തടയുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കലും ലക്ഷ്യമിട്ടുള്ള പുതിയതും കർശനവുമായ വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. റോഡ് സുരക്ഷയും സംരക്ഷണവും പുതിയ നിയമം ഉറപ്പാക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ഗതാഗത അപകടങ്ങളുടെയും നിയമലംഘനങ്ങളുടെയും കുത്തനെയുള്ള വർധനനയെ ചെറുക്കൽ പുതിയ നിയമം വഴി ലക്ഷ്യമിടുന്നു. വേഗപരിധി ലംഘിക്കുന്നവർ ഉൾപ്പെടെയുള്ള ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരെ അറസ്റ്റുചെയ്യാൻ പുതിയ നിയമം പൊലീസ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നുണ്ട്.
റെഡ് ട്രാഫിക് സിഗ്നൽ മറികടക്കുന്നത് ഗൗരവമായി കാണും. ഇതിന് 150 ദീനാർ പിഴ ഈടാക്കും. മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് ഇനി ക്രിമിനൽ പെരുമാറ്റമായി കണക്കാക്കും. വാഹനാപകടങ്ങൾക്ക് പ്രധാന കാരണമായ മൊബൈൽ ഫോൺ ഉപയോഗത്തെ പുതിയ നിയമത്തിൽ കർശനമായി നിരോധിക്കുന്നു.
ഈ നിയമലംഘനത്തിന് 75 ദീനാർ പിഴ ഈടാക്കും. നേരത്തെയുള്ള അഞ്ച് ദീനാറിൽനിന്നാണ് ഈ വർധന. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദീനാർ വരെ പിഴയും അശ്രദ്ധമായി വാഹനമോടിച്ചാൽ 150 ദീനാർ പിഴയും ലഭിക്കും. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ കനത്ത പിഴയും തടവും ലഭിക്കും.
കേസ് ഉടൻ കോടതിക്ക് കൈമാറും. ഇത്തരക്കാർക്ക് 3,000 ദീനാറിൽ കൂടാത്ത പിഴയും രണ്ട് വർഷത്തിൽ കൂടാത്ത തടവും ശിക്ഷയായി ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ച് സ്വത്ത് നാശനഷ്ടമുണ്ടാക്കുന്ന സംഭവങ്ങളിൽ 2,000 ദീനാർ മുതൽ 3,000 വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കും.
മദ്യപിച്ച് വാഹനമോടിച്ച് വ്യക്തിപരമായ പരിക്കേൽപ്പിക്കുകയോ മരണത്തിന് കാരണമാവുകയോ ചെയ്താൽ 2,000 മുതൽ 5,000 ദീനാർ വരെ പിഴയും രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ലഭിക്കും.
റോഡ് സുരക്ഷ വർധിപ്പിക്കൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവയാണ് വർധിപ്പിച്ച പിഴകൾ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിഴകൾ ഒഴിവാക്കുന്നതിന് നിയമങ്ങൾ പാലിക്കാൻ പൗരന്മാരും പ്രവാസികളെയും ഉണർത്തി.
നിയമത്തിന്റെ വിശദാംശങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും ഗതാഗത സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി പൊതു അവബോധ കാമ്പയിൻ നടക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം സമീപ വർഷങ്ങളിൽ റോഡപകടങ്ങൾ, മരണങ്ങൾ, നിയമലംഘനങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം നടപ്പാക്കുന്നതോടെ ഇതിൽ വലിയ കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.