കുവൈത്ത് സിറ്റി: നഴ്സിങ് റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്താൻ കേരള തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിലുള്ള ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽട്ടൻറ്സ് (ഒഡെപെക്) സംഘം കുവൈത്തിലെത്തി.
അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ എൻ. ശശിധരൻ നായർ, എം.ഡി ശ്രീറാം വെങ്കട്ടരാമൻ, ജനറൽ മാനേജർ സജു സുലോചന സോമദേവ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
തിങ്കളാഴ്ച കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി സംഘം ചർച്ച നടത്തും. ഇന്ത്യൻ എംബസി പ്രതിനിധികളും ചർച്ചയിൽ സംബന്ധിക്കും.
കേരളത്തിൽനിന്ന് ഒഡെപെക് വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നേരിട്ട് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് പ്രധാന അജണ്ട. ഇന്ത്യയിൽനിന്ന് നഴ്സിങ് റിക്രൂട്ട്മെൻറിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ആറ് ഏജൻസികളിൽ ഒന്നാണ് കേരളത്തിൽനിന്നുള്ള ഒഡെപെക്.
തമിഴ്നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർ പ്രദേശിലെ യുപി ഫിനാൻഷ്യൽ കോർപറേഷൻ, തെലങ്കാനയിലെ തെലങ്കാന ഓവർസീസ് മാൻപവർ കമ്പനി, ആന്ധ്രപ്രദേശിലെ മാൻപവർ കമ്പനി എന്നിവയാണു മറ്റ് ഏജൻസികൾ. നേരത്തേ ആരോഗ്യമന്ത്രാലയത്തിലേക്ക് ആവശ്യമുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയായിരുന്നു. വിവിധ രാജ്യങ്ങളിലെ ഇടനിലക്കാരും സ്വകാര്യ ഏജൻസികളും നഴ്സിങ് നിയമനത്തിന് ഉദ്യോഗാർഥികളിൽനിന്ന് വൻ തുകയാണ് ഫീസ് ആയി ഈടാക്കിയിരുന്നത്.
റിക്രൂട്ട്മെൻറ് സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാകുന്നതോടെ സർവിസ് ചാർജ് ആയി 20,000 രൂപമാത്രമാണ് ഉദ്യോഗാർഥികൾക്ക് ചെലവ് വരുക. 20 ലക്ഷം രൂപ വരെ കൈക്കൂലി ഇൗടാക്കി ഏജൻസികൾ റിക്രൂട്ട്മെൻറ് നടത്തിയിരുന്ന സ്ഥാനത്താണിത്. 500 നഴ്സുമാരെ ഒഡെപെക് വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയം വൈകാതെ നിയമിച്ചേക്കും എന്നാണ് അറിയുന്നത്. ഏപ്രിലിൽ കുവൈത്തിലെത്തിയ നോർക്ക റിക്രൂട്ട്മെൻറ് ഡയറക്ടർ അജിത് കാരശ്ശേരി ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മാജിദ അൽ ഖത്താൻ, ആരോഗ്യമന്ത്രാലയം നഴ്സിങ് ഡയറക്ടർ വദാ അൽ ഹുസൈൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. നഴ്സിങ് റിക്രൂട്ട്മെൻറിന് സർക്കാർ തലത്തിൽ നേരിട്ടുള്ള കരാറിനോട് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനും താൽപര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.