കുവൈത്ത് സിറ്റി: സമീപകാലത്ത് എണ്ണവിലയിൽ വലിയ കുതിപ്പുണ്ടാകാൻ സാധ്യതയില്ലെന്ന് അവലോകന വിദഗ്ധൻ കാമിൽ അൽഹറമി പഞ്ഞു. അടുത്ത രണ്ട് വർഷത്തേക്ക് ബാരലിന് 70 ഡോളറിലധികം കൂടാനിടയില്ലെന്നാണ് ഭൂരിഭാഗം അന്താരാഷ്ട്ര വിദഗ്ധരുടെയും വിലയിരുത്തൽ. കുവൈത്തിെൻറ ബജറ്റിൽ എണ്ണ വില ബാരലിന് 55 ഡോളറാണ് കണക്കാക്കിയിട്ടുള്ളത്. ബജറ്റ് കമ്മി നികത്തണമെങ്കിൽ 75 ഡോളർ എങ്കിലും എത്തണം. കാരണം 2.7 ദശലക്ഷം ബാരലാണ് ഉൽപാദനം. ഏഴുലക്ഷം ബാരൽ എണ്ണ ആഭ്യന്തര ഉപഭോഗത്തിനു വേണം. ബദൽ വരുമാനങ്ങൾ വൻതോതിൽ കണ്ടെത്തുകയോ ഉൽപാദനം ഗണ്യമായി വർധിപ്പിക്കുകയോ ചെയ്താൽ ബജറ്റിൽ വരവും ചെലവും തുല്യനിലയിൽ എത്തും.
ഒപെക് നോൺ ഒപെക് ധാരണയുള്ളതിനാൽ ഉൽപാദനം വർധിപ്പിക്കാനും കഴിയില്ല. മാത്രമല്ല, ഉൽപാദനം വർധിപ്പിച്ചാൽ എണ്ണവില കുറയാനും കാരണമാവും. സബ്സിഡി വെട്ടിക്കുറക്കലും ചെലവ് ചുരുക്കലും ഉൾപ്പെടെ ശക്തമായ നടപടികൾക്ക് സർക്കാറിനെ നിർബന്ധിതമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സബ്സിഡി വെട്ടിക്കുറക്കലിനെതിരെ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ വിദേശികൾക്കുമേൽ പുതിയ നികുതിയും ഫീസും ചുമത്തലും വർധിപ്പിക്കലും സംഭവിക്കാൻ ഇടയുണ്ട്.
സർക്കാർ ചെലവ് വെട്ടിച്ചുരുക്കൽ നയമായെടുത്തിട്ടുണ്ട്. പൊതുപരിപാടികളും ആഘോഷങ്ങളും മുൻകാലത്തെ അപേക്ഷിച്ച് പൊലിമ കുറയുകയും എണ്ണം കുറയുകയും ചെയ്യും. സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിലൂടെ പണം കണ്ടെത്താൻ സർക്കാർ തുനിഞ്ഞാലും അത്ഭുതപ്പെടേണ്ട എന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.