കുവൈത്ത് സിറ്റി: കിഴക്കൻ ദോഹ ബീച്ചിൽ ഉണ്ടായ എണ്ണ ചോർച്ച നിയന്ത്രിച്ചതായി പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചു.
കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുമായി (കെ.എൻ.പി.സി) സഹകരിച്ചാണ് ചോർച്ച നിയന്ത്രിച്ചത്. സമുദ്ര പരിസ്ഥിതിയും ബീച്ചുകളും നിരീക്ഷിക്കുന്നത് ബന്ധപ്പെട്ട ബോഡികൾ തുടരുമെന്ന് ഇ.പി.എ സാങ്കേതിക കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ സൈദാൻ പറഞ്ഞു.
കിഴക്കൻ ദോഹ ബീച്ചിലെ എണ്ണ മലിനീകരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചത്. ശനിയാഴ്ച സ്ഥലം പരിശോധിച്ചു ബീച്ചിൽ വ്യാപിച്ച എണ്ണ ചോർച്ച കണ്ടെത്തി. കാരണം അജ്ഞാതമാണെന്നും അദ്ദേഹം പറഞ്ഞു. എണ്ണ ചോർച്ച കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയെക്കുറിച്ച് എല്ലാ ബോഡികളെയും അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട സ്ഥാപനങ്ങൾ ബീച്ച് വൃത്തിയാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും ചോർച്ചയുടെ വ്യാപനത്തിന്റെ തോത് അറിയുന്നതിനും പ്രാദേശിക സംഘടനകളുമായി ഏകോപനം ഉണ്ടായിരുന്നു.
സമുദ്രാന്തരീക്ഷവും ബീച്ചുകളും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നതിനൊപ്പം അവയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.