കുവൈത്ത് സിറ്റി: വീട്ടുപകരണങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ പരസ്യപ്പെടുത്തുന്ന വാട്സ് ആപ് സന്ദേശത്തിൽ പ്രതികരിച്ച പ്രവാസി യുവതിക്ക് നഷ്ടപ്പെട്ടത് 210 ദീനാർ. കുറഞ്ഞ നിരക്കിൽ വസ്തുക്കൾ വാങ്ങാമെന്ന കണക്കുകൂട്ടലിൽ ഓൺലൈൻ ഇടപാടിന് നിന്ന യുവതിക്കാണ് പണം നഷ്ടപ്പെട്ടത്. ഡിസ്കൗണ്ട് നിരക്കിൽ വീട്ടുപകരണങ്ങൾ എന്ന വാട്സ് ആപ് സന്ദേശമാണ് യുവതിക്ക് ആദ്യം ലഭിച്ചത്.
ഡെലിവറി ചെയ്യുമ്പോൾ പണം നൽകാമെന്ന തീരുമാനത്തിൽ 20 ദീനാർ വിലയുള്ള സാധനങ്ങൾ വാങ്ങാൻ അവർ സമ്മതിച്ചു. തട്ടിപ്പ് നടത്തുന്നയാൾ കാഷ് ഓൺ ഡെലിവറിക്ക് ആദ്യം സമ്മതിച്ചെങ്കിലും, പിന്നീട് ലിങ്ക് വഴി 500 ഫിൽസിന്റെ ചെറിയ പേയ്മെന്റ് അഭ്യർഥിച്ചു. വാങ്ങൽ ഉറപ്പാക്കാനാണ് ഇതെന്നായിരുന്നു പറഞ്ഞത്. ഇത് വിശ്വസിച്ച് യുവതി ലിങ്കിൽ കയറി. എന്നാൽ, അവരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 210 ദീനാർ പിൻവലിച്ചതായി കണ്ടെത്തി.
തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ യുവതി ഉടൻ അധികൃതർക്ക് കൈമാറി. നമ്പർ ലോക്കൽ ആണെന്ന് തോന്നുമെങ്കിലും ഉപയോഗിക്കുന്നത് കുവൈത്തിൽ നിന്നല്ല എന്നാണ് സൂചന. കേസ് വാണിജ്യകാര്യ പ്രോസിക്യൂഷന് കൈമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.