കുവൈത്ത് സിറ്റി: നിഷ്കളങ്കമായ മനസ്സും കർമങ്ങളും കൊണ്ട് റമദാനെ സമ്പന്നമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി. റമദാൻ പകലന്തികൾ അശ്രദ്ധമായി കഴിച്ചുകൂട്ടാനുള്ളതല്ല, കർമങ്ങൾ വർധിപ്പിച്ച് പാരത്രിക ലോകത്തേക്കുള്ള നിക്ഷേപമാക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ റിഗ്ഗഇ ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘അഹ്ലൻ വ സഹ്ലൻ’പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുരുടന്മാർ ആനയെ വർണിക്കുന്നതുപോലെയാണ് വിമർശകർ ഇസ്ലാമിക നിയമങ്ങളെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്നത്. അനന്തരാവകാശ നിയമം വിവാദമാക്കാൻ ശ്രമിച്ചവർ സമർഥിക്കുന്ന കാര്യങ്ങൾ യഥാർഥ വസ്തുതകളുമായി പൊരുത്തപ്പെടാത്തവയാണ്. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് അനന്തര സ്വത്തിൽ ഓഹരി ലഭിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്. അതൊന്നും പഠിക്കാതെ അവസരങ്ങൾ മുതലെടുത്ത് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വിധിവിലക്കുകൾ എന്ന വിഷയത്തിൽ ടി.പി. ശഫീഖ്, ഖുർആൻ പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഫർഹാൻ അബ്ദുൽ ലത്തീഫ്, ഇസ്ലാമിലെ സകാത്ത് എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
സകാത്തുമായി ബന്ധപ്പെട്ട് ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് മറുപടി പറഞ്ഞു. കെ.കെ.ഐ.സി ഓർഗനൈസിങ് സെക്രട്ടറി സക്കീർ കൊയിലാണ്ടി സ്വാഗതവും, ക്രിയേറ്റിവിറ്റി സെക്രട്ടറി മഹ്ബൂബ് കാപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.