കുവൈത്ത് സിറ്റി: കലാശക്കൊട്ടിന് ദിവസങ്ങൾ ശേഷിക്കെ പുതുപ്പള്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ കുവൈത്ത് മലയാളികളും. നാട്ടിലെ ഏതുവിഷയങ്ങളും ഗൗരവത്തിൽ ചൂടോടെ ചർച്ച ചെയ്യുന്നവരാണ് പൊതുവെ പ്രവാസിമലയാളികൾ. വിവിധ കക്ഷി രാഷ്ട്രീയ സംഘടനകളിലും പ്രവാസി മലയാളികളിലും പ്രധാന ചർച്ച വിഷയമായി ഉപതെരഞ്ഞെടുപ്പ് വിഷയം മാറിയിട്ടുണ്ട്. വെക്കേഷനും ഓണം ആഘോഷത്തിനുമായി നാട്ടിലെത്തിയ കുവൈത്തിലെ പുതുപ്പള്ളിക്കാർ വോട്ട് ചെയ്തു മടങ്ങാമെന്ന തീരുമാനത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് ചെയ്യാനുമായി നിരവധി പേർ നാട്ടിലേക്ക് തിരിച്ചതായി കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) പ്രസിഡന്റ് അനൂപ് സോമൻ പറഞ്ഞു. സംഘടനകളിൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്നുള്ള 300ഓളം പേരുണ്ട്. ഇവരിൽ പലരും തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നാട്ടിലാണ്. ഓണത്തിനും വെക്കേഷനുമായി നാട്ടിലെത്തിയവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരിച്ചുവരുന്ന തീയതി നീട്ടി. രാഷ്ട്രീയത്തിൽ സജീവമായവർ പ്രചാരണങ്ങൾക്കും വോട്ട് രേഖപ്പെടുത്തുന്നതിനുമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നും അനൂപ് സോമൻ പറഞ്ഞു.
ഒ.ഐ.സി.സി പ്രതിനിധി പുതുപ്പള്ളിയിലേക്ക്
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് പ്രതിനിധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തും. ഒ.ഐ.സി.സി കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഷംസു താമരക്കുളമാണ് പുതുപ്പള്ളിയിലെത്തുക. വ്യാഴാഴ്ച കുവൈത്തിൽനിന്ന് യാത്രതിരിച്ച ഷംസു താമരക്കുളം വരും ദിവസങ്ങളിൽ മണ്ഡലത്തിൽ മറ്റു പ്രവർത്തകർക്കൊപ്പം സജീവമാകും. പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പോസ്റ്റർ കൈമാറി യാത്രയാക്കി. ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ സ്വാഗതവും ട്രഷറർ രാജീവ് നടുവിലേമുറി നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി ജില്ല കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിങ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ നേരത്തേ നടത്തിയിരുന്നു.
കല കുവൈത്ത് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ
കുവൈത്ത് സിറ്റി: കല കുവൈത്ത് പുതുപ്പള്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കല മുൻ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാറിന്റെ നേതൃത്വത്തിൽ കേരളം ആർജ്ജിക്കുന്ന വികസന മുന്നേറ്റത്തിനൊപ്പം പുതുപ്പള്ളിയുടെ വികസനം കൂടി സാധ്യമാക്കുന്നതിന് ജെയ്ക്ക് സി. തോമസിന്റെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കല പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ പ്രതിനിധി പ്രവീൺ, പ്രവാസി കേരള കോൺഗ്രസ് -എം പ്രതിനിധി സുബിൻ അറയ്ക്കൽ, പി.ആർ. കിരൺ, സി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി സജി തോമസ് മാത്യുവിനെയും ചെയർമാനായി പി.ബി. സുരേഷിനെയും തെരഞ്ഞെടുത്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് സ്വാഗതവും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജിതോമസ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.