കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം ആരംഭിച്ച സുരക്ഷ പരിശോധന കാമ്പയിൻ താൽക്കാലികമായി നിർത്തിവെക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതാണ് കാമ്പയിൻ നിർത്തിവെക്കാൻ നിർബന്ധിതരാക്കിയത്. നാടുകടത്തൽ കേന്ദ്രം നിറഞ്ഞു. കോവിഡ് പശ്ചാത്തലത്തിലെ യാത്ര നിയന്ത്രണങ്ങൾ കാരണം വേഗത്തിൽ നാട്ടിലയക്കാൻ കഴിയുന്നില്ല. ഒരു വിമാനത്തിൽ അയക്കാവുന്നവരുടെ എണ്ണത്തിലും ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങളുണ്ട്. കോവിഡ് സാഹചര്യത്തിൽ കൂടുതൽ പേരെ ഒരുമിച്ച് പാർപ്പിക്കുന്നതിനും പരിമിതിയുണ്ട്. തടവുകാർക്കിടയിൽ വൈറസ് പടരാതിരിക്കാൻ ജയിൽ വകുപ്പ് കഴിയുന്നവിധം ജാഗ്രത പുലർത്തുന്നുണ്ട്. പുതുതായി കൊണ്ടുവരുന്നവരെ പ്രത്യേകം ബ്ലോക്കിലാണ് താമസിപ്പിക്കുന്നത്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടൻ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. ജയിൽ ഇടക്കിടെ അണുനശീകരണം നടത്തുന്നു. ജയിലിൽനിന്ന് നാടുകടത്തലിലൂടെ ആളുകുറയുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധന തുടരും. രണ്ടാഴ്ചക്കിടെ ആയിരത്തോളം പേർ പിടിയിലായി. 180,000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കണമെന്നു തന്നെയാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.