കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയർന്നു തുടങ്ങിയതോടെ ഈ വർഷവും ഉച്ചവിശ്രമ സമയം ഏർപ്പെടുത്തും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തുക. ജൂൺ മുതൽ നിയമം പ്രാബല്യത്തിൽ വരും. ആഗസ്റ്റ് 31വരെ മൂന്നു മാസമാകും നിരോധനം. ഇതു പ്രകാരം എല്ലാത്തരം പുറം തൊഴിലുകൾക്കും രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ വിലക്കു വരും. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പബ്ലിക് അതോറിറ്റി മാൻപവർ ആരംഭിച്ചതായി പ്രാദേശിക മാധ്യമമായ അൽ ജരിദ റിപ്പോര്‍ട്ട് ചെയ്തു.
കനത്ത ചൂടിൽ തൊഴിലാളികൾക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതു വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ മേഖലയിൽ ഉൾപ്പെടെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളുടെ നേതൃത്വത്തില്‍ കർശന പരിശോധനയും നടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയും ഉണ്ടാകും. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നൽകും. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയുടെ പേരിലും 100 മുതല്‍ 200 ദീനാർ വരെ പിഴ ചുമത്തും. കമ്പനിയുടെ ഫയൽ തുടർ നടപടികൾക്കായി തെളിവെടുപ്പ് വിഭാഗത്തിന് കൈമാറുകയും ചെയ്യും. അതിനിടെ, താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി മന്ത്രാലയം ബോധവത്കരണ കാമ്പയിന് തുടങ്ങിയിട്ടുണ്ട്. തീപിടുത്ത കേസുകൾ ഒഴിവാക്കാൻ ജനറൽ ഫയർഫോഴ്സും സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.