കുവൈത്ത് സിറ്റി: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിലും ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലും കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ കുറ്റകരവും നിരുത്തരവാദപരവുമായ പ്രവൃത്തിയിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.
ഇത്തരം ശത്രുതാപരമായ നടപടി അപകടകരമായ സംഭവവികാസവും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും, സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതിന്റെ നഗ്നമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയിൽ വ്യക്തമാക്കി.
അക്രമങ്ങൾ സമാധാന സാധ്യതകളെ തകർക്കുന്നു. മേഖലയെയും ലോകരാജ്യങ്ങളെയും അരാജകത്വത്തിന്റെയും അക്രമത്തിന്റെയും കുഴപ്പത്തിൽ അകപ്പെടുത്തുന്ന സൈനിക വർധനവ് ഒഴിവാക്കാൻ ഉടനടി ഉറച്ച നിലപാട് സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സ്ഥാപനങ്ങളോടുമുള്ള ആഹ്വാനം കുവൈത്ത് പുതുക്കി.
ഫലസ്തീൻ ജനതയ്ക്കെതിരായ ആക്രമണങ്ങളും വംശഹത്യകളും അവസാനിപ്പിക്കണമെന്നും കുവൈത്ത് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇസ്മാഈൽ ഹനിയ്യയുടെ വിയോഗത്തിൽ ഫലസ്തീൻ ജനതക്കും നേതൃത്വത്തിനും കുവൈത്ത് ഭരണകൂടത്തിന്റെ പേരിൽ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.