കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം രാത്രി ക്ലാസുകൾ ആരംഭിക്കുന്നത് ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം നഷ്ടമായ അധ്യയനസമയത്തിന് പകരമായാണ് രാത്രി ക്ലാസുകൾ പരിഗണിക്കുന്നത്. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി അൽ യഅ്ഖൂബ് അറിയിച്ചതാണിത്. ഹവല്ലി വിദ്യാഭ്യാസ മേഖല സംഘടിപ്പിച്ച ചർച്ചസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് നവംബറിൽ രാത്രി ക്ലാസ് തുടങ്ങുക. ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് ഒക്ടോബർ മൂന്നിന് ഞായറാഴ്ച സർക്കാർ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനം ആരംഭിച്ചത്. അതുവരെ നിയന്ത്രണങ്ങളോടെ നടത്തിയ ഒാൺലൈൻ ക്ലാസുകൾ അപര്യാപ്തമായിരുന്നു. പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഒന്നിടവിട്ട ദിവസങ്ങളിലാണ് ഒാരോ വിദ്യാർഥിക്കും ഇപ്പോൾ ക്ലാസ്. നേരിട്ടുള്ള ക്ലാസുകൾക്ക് വിദ്യാഭ്യാസമന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെങ്കിലും രക്ഷിതാക്കൾക്ക് ഓൺലൈൻ രീതി തുടരണം എന്നുണ്ടെങ്കിൽ അതിനുള്ള അവസരവും വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാണ് ക്രമീകരണം. രാത്രി ക്ലാസ് സമയം സംബന്ധിച്ചോ മറ്റു വിശദാംശങ്ങളോ അധികൃതർ വ്യക്തമാക്കിയില്ല. ഇക്കാര്യങ്ങളിൽ ചർച്ച നടക്കുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.