
മന്ത്രി ഡോ. നൂറ അൽ മഷ്ആൻ പുതിയ വിമാനത്താവള അവലോകന യോഗത്തിൽ
കുവൈത്ത് സിറ്റി: പുതിയ വിമാനത്താവള പദ്ധതി (ടി-2) നിർമാണ പുരോഗതി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷ്ആൻ വിലയിരുത്തി. ഇതു സംബന്ധിച്ച യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ചെയർമാൻ ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
എല്ലാ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും സമയബന്ധിതമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് മന്ത്രി ഉണർത്തി. സാങ്കേതിക സവിശേഷതകളും സമയക്രമവും അനുസരിച്ച് ഇവ പൂർത്തിയാക്കണം. എല്ലാ ജോലികളും ഉയർന്ന നിലവാരത്തിലും കാര്യക്ഷമതയിലും പൂർത്തിയാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പദ്ധതിയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുക, വെല്ലുവിളികൾ വിലയിരുത്തി അവ തരണം ചെയ്യാൻ ഒരുമിച്ച് പ്രവർത്തിക്കുക എന്നിവ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും ലക്ഷ്യമിട്ടുള്ള പ്രധാന ദേശീയ പദ്ധതിയാണ് പുതിയ വിമാനത്താവളം.
പ്രാദേശികവും ആഗോളവുമായ സാമ്പത്തിക വാണിജ്യ കേന്ദ്രം, നിക്ഷേപം ആകർഷിക്കുകയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയിലും ഇത് പ്രധാന ഘടമാണ്. സിവിൽ ഏവിയേഷനിൽ മികച്ച അന്താരാഷ്ട്ര നിലവാരം സ്വീകരിച്ചുകൊണ്ട് വ്യോമഗതാഗത മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധതയും ഡോ. അൽ മഷ്ആൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.