മുബാറകിയയിലേക്ക്​ ഏർപ്പെടുത്തിയ സൗജന്യ ബസി​െൻറ ആദ്യ യാത്ര  

പൊതുഗതാഗതത്തിലേക്ക്​ യാത്രക്കാരെ ആകർഷിക്കാൻ പദ്ധതി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പൊതുഗതാഗത സംവിധാനത്തിലേക്ക് ആളുകളെ ആകർഷിക്കാൻ പദ്ധതിയുമായി കാപിറ്റൽ ഗവർണറേറ്റ്. കുവൈത്ത് പബ്ലിക്​ ട്രാൻസ്‌പോർട്ട് കമ്പനിയുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ സൗജന്യ പൊതുജന സവാരി പദ്ധതിയുടെ ഫ്ലാഗ്​ ഓഫ് ഗവർണർ ശൈഖ്​ തലാൽ അൽ ഖാലിദ് നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മുബാറകിയയിലേക്ക്​ കെ.പി.സി.ടി ബസുകൾ സൗജന്യ സർവിസ് ഒരുക്കി. പൊതുഗതാഗത സംവിധാനങ്ങളിലേക്ക്​ ജനങ്ങളെ കൂടുതൽ അടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.

രാജ്യത്തെ പരമ്പരാഗത വ്യാപാര, വിനോദസഞ്ചാര കേന്ദ്രമായ സൂഖ് മുബാറകിയയിലേക്കുള്ള സന്ദർശക പ്രവാഹം എളുപ്പമാക്കുക, ഗതാഗതത്തിരക്ക് കുറക്കുക എന്ന ലക്ഷ്യവുമുണ്ട്​. ആദ്യഘട്ടത്തിൽ മൂന്നു റൂട്ടുകളിലാണ് ഈ സേവനം ഒരുക്കിയിട്ടുള്ളത്. കുവൈത്ത് സിറ്റിയിലെ മിനിസ്ട്രി കോപ്ലക്സിന് മുന്നിലുള്ള ബസ്​ സ്​റ്റോപ്പിൽനിന്ന് ആരംഭിച്ച് അഹമ്മദ് ജാബിർ റോഡ് വഴി ദർവാസ അബ്​ദുൽ റസാഖിൽ എത്തിച്ചേരുന്നതാണ് ഒരു റൂട്ട്.

രണ്ടാമത്തെ ബസ് സൂഖ് ശർഖിലെ പാർക്കിങ് ലോട്ടിൽനിന്ന് ആരംഭിച്ച്​ സനബൽ ടവറിന്​ മുന്നിലൂടെ നാഷനൽ മ്യൂസിയം സ്​റ്റോപ്പിലെത്തും. മൂന്നാമത്തെ ബസ് ഷെറാട്ടൺ റൗണ്ട് എബൗട്ടിന് എതിർവശത്തുള്ള അൽ-മൈലം മസ്ജിദി​െൻറ പാർക്കിങ്​ ലോട്ടിൽനിന്ന് ആരംഭിച്ച് അഹമ്മദ് അൽ-ജാബിർ സ്ട്രീറ്റിലൂടെ ദർവാസയിലെത്തും.

മൂന്നുസ്ഥലങ്ങളിൽനിന്നും രാവിലെ പത്തുമുതൽ രാത്രി പത്തുവരെ ഓരോ അരമണിക്കൂർ ഇടവിട്ടും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുമെന്ന് കുവൈത്ത്​ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി സി.ഇ.ഒ മൻസൂർ അൽ സാദ് അറിയിച്ചു. ആറു​ ബസുകളാണ് കെ.പി.ടി.സി പദ്ധതിക്കായി വിട്ടുനൽകിയത്.

ഗതാഗത വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ്, ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - The plan is to attract passengers to public transport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.