കുവൈത്ത് സിറ്റി: ലോകം മുഴുവൻ ആദരിക്കുന്ന പ്രവാചകനെ നിന്ദിക്കാനുള്ള അധമശക്തികളുടെ നീക്കത്തിന് പിന്നിൽ വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് ഫൈസൽ മഞ്ചേരി പറഞ്ഞു. 'പ്രവാചകനിന്ദയുടെ രാഷ്ട്രീയം' തലക്കെട്ടിൽ കെ.ഐ.ജി കേന്ദ്ര കമ്മിറ്റി നടത്തിയ ചർച്ച സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഉത്തമസമൂഹത്തെ വാർത്തെടുക്കുകയും സമൂഹത്തിന് സംസ്കാര സമ്പന്നമായ ചരിത്രവും വർത്തമാനവും സമ്മാനിക്കുകയും ചെയ്ത് ആദരവ് നേടിയവരെ അപകീർത്തിപ്പെടുത്തുന്നവരോട് 'മാനിഷാദ' പറയാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണം. സ്വത്തും ജീവനും അപായപ്പെടുത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് മുസ്ലിം വിഭാഗത്തെ വരുതിയിൽ നിർത്താനുള്ള അജണ്ടയാണ് നബിനിന്ദകർ നടത്തുന്നത്. ഏകാധിപതികളുടെ അന്ത്യം അതിദയനീമായിരിക്കുമെന്നും വംശീയ ഉന്മൂലനത്തിന് ശ്രമിച്ച ഏകാധിപതികളുടെ ദയനീയ പതനത്തിന്റെ ചരിത്രപാഠങ്ങളാണ് പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് വിശ്വാസികൾക്ക് കരുത്ത് പകരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാലിബ് മശ്ഹൂർ തങ്ങൾ, സത്താർ കുന്നിൽ, അബ്ദുറഹ്മാൻ തങ്ങൾ, അബ്ദുൽഹമീദ് കൊടുവള്ളി, മുഹമ്മദ് അസ്ഹർ അത്തേരി, എ.വി. മുസ്തഫ, മെഹബൂബ അനീസ്, മഹനാസ് മുസ്തഫ എന്നിവർ സംസാരിച്ചു. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ മോഡറേറ്ററായി.
ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ബാസിത് ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.