കുവൈത്ത് സിറ്റി: മൂന്നുദിവസത്തെ മഴക്ക് ശേഷം തണുപ്പിലേക്ക് നീങ്ങി രാജ്യം. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ മഴയോടെ രാജ്യത്ത് താപനില കുത്തനെ താഴുകയും തണുപ്പ് പടർന്നുതുടങ്ങുകയും ചെയ്തു. ബുധനാഴ്ചയോടെ മിതമായ താപനിലയിൽനിന്ന് തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കാലാവസ്ഥ മാറി.
വ്യാഴാഴ്ച ഉച്ചക്ക് ഉയർന്ന താപനില ശരാശരി 18 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. രാത്രി ഇത് വളരെ കുറഞ്ഞു. തണുത്ത കാറ്റ് തണുപ്പിന്റെ തീവ്രത വർധിപ്പിച്ചു.
കാലാവസ്ഥ മാറ്റം പ്രകടമായതോടെ ജനങ്ങൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള മൂന്നു മാസം ഇവ ഇല്ലാതെ പുറത്തിറങ്ങാൻ കഴിയില്ല. വരും ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം കൂടും. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുക.
തണുപ്പിനൊപ്പം മഞ്ഞും ശക്തമായ കാറ്റിന്റെ സാന്നിധ്യവും ഉണ്ടാകും. മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരതയും കുറയും. വാഹന ഗതാഗതത്തെയും വിമാന സർവിസുകളെയും ഇത് ബാധിക്കാറുണ്ട്. കട്ടിയുള്ള പ്രതിരോധ വസ്ത്രങ്ങള്‍ ധരിച്ചിട്ട് പോലും തണുപ്പിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്ത തരത്തിലാകും കാലാവസ്ഥ.
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മേൽക്കുപ്പായത്തിനൊപ്പം ഷൂസും തൊപ്പിയും മഫ്ലറും കൈയുറകളും വരെ ധരിച്ചാണ് പലരും പുറത്തിറങ്ങുക. തണുപ്പിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ നിന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായാണിത്. സീസൺ ആയതോടെ ഇത്തരം ഇനങ്ങൾക്ക് വിൽപനശാലയിൽ ആവശ്യക്കാർ ഏറി.
ശൈത്യകാലം കണക്കിലെടുത്ത് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ആസ്ത്മ രോഗികൾ പോലുള്ളവർ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. വായുസഞ്ചാരം കുറഞ്ഞ മുറികളിലും തമ്പുകളിലും തണുപ്പകറ്റാൻ കരി കത്തിക്കുന്നത് ഒഴിവാക്കണം.
കരിയിൽ നിന്നുള്ള പുക ശ്വസിച്ച് മരണങ്ങൾ മുൻവർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മൂടല്‍മഞ്ഞും മഴയും മൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധ പുലർത്തണം. അടിയന്തരസാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.