കുവൈത്ത് സിറ്റി: വിവിധ ഇടപാടുകളുടെയും അപേക്ഷകളുടെയും തൽസ്ഥിതി അറിയാൻ സൗകര്യമേർപ്പെടുത്തി സിവിൽ സർവിസ് കമീഷൻ. ജോലി അവസാനിപ്പിക്കുമ്പോൾ ഉള്ള സെറ്റിൽമെന്റ്, പരിചയസമ്പത്ത് കണക്കുകൂട്ടൽ, ജോലി തസ്തിക മാറൽ, സോഷ്യൽ അലവൻസ്, നിയമന നടപടിക്രമം, ബാഹ്യ കൈമാറ്റം തുടങ്ങിയവ സംബന്ധിച്ച് അപേക്ഷകളിൽ തൽസ്ഥിതി അറിയാൻ കഴിയും. പുതിയ സേവനം രാജ്യനിവാസികൾക്ക് ഏറെ പ്രയോജപ്പെടുമെന്നും സിവിൽ സർവിസ് കമീഷന്റെ അഡ്മിനിസ്ട്രേറ്റിവ് ജോലിഭാരം കുറക്കുമെന്നും അധികൃതർ പറഞ്ഞു.
കൂടുതൽ മന്ത്രാലയങ്ങളുടെ വിവിധ സേവനങ്ങളിൽ ഘട്ടംഘട്ടമായി ട്രാക്കിങ് സൗകര്യം ഏർപ്പെടുത്തും. സർക്കാർ സേവനങ്ങൾക്കായുള്ള ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ് വഴിയാണ് ഇത് സാധ്യമാവുക. ഇ ഗവേണൻസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ ആപ്ലിക്കേഷനിൽ ഇതിനകം വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും നിരവധി സേവനങ്ങൾ ചേർത്തിട്ടുണ്ട്. സർക്കാർ സേവനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ 15നാണ് സഹൽ ആപ്പ് പുറത്തിറക്കിയത്.
സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 60 ദശലക്ഷം ഇടപാടുകൾ ആപ് വഴി നടന്നു.
ഇക്കാലയളവിൽ 23 ലക്ഷം ഉപയോക്താക്കൾ ആപ്പ് ഉപയോഗിച്ചു. ആപ്പ് വഴി സേവനങ്ങള്‍ വന്നതോടെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സര്‍ക്കാര്‍ ഓഫിസുകളിൽ എത്താതെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. ഗതാഗത വകുപ്പിലേക്ക് അടക്കേണ്ട ട്രാഫിക് പിഴയും താമസകാര്യ വകുപ്പിലേക്കുള്ള വിസ, ഇഖാമ പിഴകളും അടക്കാനുള്ള സൗകര്യവും സഹൽ ആപ്പിൾ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.