കുവൈത്ത് സിറ്റി: മഴ മരുഭൂമിയെ നനച്ചിട്ട് പോയതിന് പിറകെ മണലിൽ ട്രഫിൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കുവൈത്തിന്റെ തീൻമേശകളിൽ വ്യത്യസ്ത രുചികളോടെ ഇനി ഇവ സാന്നിധ്യമാകും. ഇലകളും പൂക്കളും തണ്ടുകളുമില്ലാത്ത, മരുഭൂമിയിൽ കുഴിച്ചിട്ട നിധി ആയാണ് ട്രഫിൾ അറിയപ്പെടുന്നത്.
മഴക്കും ഇടിമിന്നലിനും പിന്നാലെ മരുഭൂമിയിലും മണലിന്റെ സാന്നിധ്യം ഉള്ളിടത്തും രൂപംകൊള്ളുന്ന ഒരു തരം ഫംഗസ്. മലയാളികളുടെ കൂണിനോട് സാദൃശ്യമുള്ള ഇവ, മനുഷ്യർ ഒരിക്കലും ചവിട്ടിയിട്ടില്ലാത്ത പ്രദേശങ്ങളിലാണ് പ്രത്യക്ഷപ്പെടുക എന്നാണ് പറയാറ്. ഒറ്റപ്പെട്ടും മരത്തിന്റെ വേരുകൾക്ക് സമീപവും ഇവ വളരുന്നു. വെള്ള, തവിട്ട്, കറുപ്പ് നിറങ്ങളിൽ കാണുന്നു. മൂന്ന് മുതൽ 40 സെന്റീമീറ്റർ വരെ വലുപ്പത്തിലും 20 മുതൽ 400 ഗ്രാം വരെ ഭാരത്തിലും ഉള്ളവ ഉണ്ട്. ഒരേ സ്ഥലത്ത് 10 മുതൽ 20 എണ്ണം വരെ കൂട്ടമായി രൂപം കൊള്ളാറുമുണ്ട്.
ഭക്ഷ്യ ഇനമായി ഉപയോഗിക്കുന്ന ഇവക്ക് വിപണിയിൽ ഉയർന്ന വിലയാണ്. സീസൺ ആരംഭിച്ചതോടെ പാറകൾക്കും കാട്ടുചെടികൾക്കും ഇടയിൽ നിന്ന് ട്രഫിൾ ശേഖരിച്ച് വിൽപനക്ക് എത്തിക്കുന്നവരും നിരവധിയാണ്.
ഉരുളക്കിഴങ്ങിനെപ്പോലെ കാണപ്പെടുന്ന ഇവക്ക് നിറത്തിലും മണത്തിലും വ്യത്യാസമുണ്ട്. മൃദുവായ ചെറുതായ ഉപ്പുരസമുള്ള മണ്ണിലാണ് വളരുക. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ പെയ്യുന്ന മഴ വളർച്ചയെ സ്വാധീനിക്കുന്നു. വായുവിലെ നൈട്രജൻ ഓക്സൈഡിന്റെ സാന്ദ്രത വർധിപ്പിക്കാൻ സഹായിക്കുന്ന മിന്നൽ ഇവ രൂപപ്പെടലിന് സഹായിക്കുന്നു. അതിനാൽ ചിലർ ഇതിനെ ‘മിന്നലിന്റെ മകൾ’എന്നും വിളിക്കുന്നു.
ഫോസ്ഫർ, സോഡിയം, കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ട്രഫിൾ. അറിയപ്പെടുന്ന നാല് തരം ട്രഫിൾ ഉണ്ട്. ഇതിൽ പ്രസിദ്ധവും ചെലവേറിയതും ‘അൽ സുബൈദി’എന്നറിയപ്പെടുന്നു. സുഗന്ധമുള്ളതും വെളുത്തതും വലുതും പോഷകമൂല്യമുള്ളതുമാണ് ഇത്. മാർക്കറ്റിൽ ഇവ ലഭ്യമായി തുടങ്ങി. സീസണിന്റെ തുടക്കമായതോടെ ഉയർന്ന വിലയിലാണ് വിൽപന. ഈ മാസാവസാനം കൂടുതൽ ലഭ്യമാകുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വലിയ അളവിൽ ഇവ കുവൈത്തിൽ എത്തിത്തുടങ്ങുന്നതോടെ വില കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.