കുവൈത്ത് സിറ്റി: കുവൈത്തും യു.എ.ഇയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും മറ്റൊരു സുപ്രധാന നാഴികക്കല്ലായി അമീറിന്റെ യു.എ.ഇ സന്ദർശനം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പ്രതിനിധി സംഘവും ചൊവ്വാഴ്ച യു.എ.ഇയിൽ എത്തി. യു.എ.ഇ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ അമീർ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ചാണ് മടങ്ങിയത്. അബുദബി വിമാനത്താവളത്തിൽ എത്തിയ അമീറിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്റ് ദിവാൻ ചെയർപേഴ്സനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡൻസി ദിവാൻ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ജമാൽ മുഹമ്മദ് അൽ ഗുനൈം, കുവൈത്തിലെ യു.എ.ഇ അംബാസഡർ മതർ ഹമദ് അൽ നിയാദി എന്നിവരും വിമാനത്താവളത്തിലെത്തി. തുടർന്ന് യു.എ.ഇ പ്രസിഡൻഷ്യൽ പാലസായ ഖസർ അൽ വതനിൽ ഔദ്യോഗിക സ്വീകരണം ഒരുക്കി. റോഡിന് ഇരുവശവും അണിനിരന്ന കുതിര- ഒട്ടക പടകളുടെ അകമ്പടിയോടെയും നാടോടി കലാപരിപാടികളോടെയുമാണ് അമീറിന്റെ വാഹനവ്യൂഹത്തെ കൊട്ടാരത്തിലേക്ക് വരവേറ്റത്.
സൈനികർ ബാൻഡ് കാഹളം മുഴക്കുകയും ഗൺ സല്യൂട്ട് നൽകുകയും ചെയ്തു. കൊട്ടാരത്തിലേക്കുള്ള പാതയുടെ വശങ്ങളിൽ കുട്ടികൾ കുവൈത്ത്, യു.എ.ഇ പതാകകൾ വീശി അഭിവാദ്യം ചെയ്തു. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളും ആലപിച്ചു. ശൈഖ് ഡോ.സാലിം ജാബിർ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നവാഫ് അബ്ദുൽ അസീസ് ഹുമൂദ് അൽ ജറഹ് അസ്സബാഹ്, ശൈഖ് മുബാറക് ഫഹദ് അൽ സാലിം അസ്സബാഹ്, ശൈഖ് ജാബിർ ഫൈസൽ അൽ സൗദ് അസ്സബാഹ്, ശൈഖ് മുബാറക് സബാഹ് സലീം അൽ ഹുമൂദ് അസ്സബാഹ്, ശൈഖ് ഹമദ് സാലിം അൽ ജാബിർ അസ്സബാഹ്, ഗവർമെന്റ് പെർഫോമൻസ് ഫോളോ അപ് അപ്പാരറ്റസിന്റെ ചീഫ് ശൈഖ് അഹ്മദ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും അമീരി ദിവാനിലെ ഉന്നത ഉദ്യോഗസ്ഥരും അമീറിനെ അനുഗമിച്ചിരുന്നു. ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള അമീറിന്റെ ആദ്യ ഔദ്യോഗിക യു.എ.ഇ സന്ദർശനമാണിത്. നേരത്തെ സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ അമീർ സന്ദർശനം നടത്തിയിരുന്നു.
കുവൈത്ത് സിറ്റി: യു.എ.ഇ സന്ദർശനത്തിനിടെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും പരസ്പരം ബഹുമതികൾ കൈമാറി. അമീറിന്റെ യു.എ.ഇ സന്ദർശനത്തെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു ഇത്. കുവൈത്തും യു.എ.ഇയും തമ്മിലുള്ള സാഹോദര്യ ബന്ധം, ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെ മാനിച്ചുകൊണ്ടുള്ള പരമോന്നത ഉത്തരവായ ‘സായിദ് ഓഡർ’ കുവൈത്ത് അമീറിന് യു.എ.ഇ പ്രസിഡന്റ് സമ്മാനിച്ചു. യു.എ.ഇയുടെയും ജനങ്ങളുടെയും പുരോഗതി, സ്ഥിരത, അഭിവൃദ്ധി, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ എന്നിവയെ മാനിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദിന് കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ ഓർഡർ’ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.