കുവൈത്ത് സിറ്റി: ഇറാനും ഇസ്രായേലിനും ഇടയിൽ രൂപപ്പെട്ട പുതിയ അനിശ്ചിതത്വം മിഡിൽ ഈസ്റ്റ് മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തി കുവൈത്ത്. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളും വിവിധ സംഭവവികാസങ്ങൾ നേരിടുന്നതിന് ഓരോ സർക്കാർ ഏജൻസിയും നടപ്പാക്കിയ മുൻകരുതലുകളും മന്ത്രിസഭ അവലോകനം ചെയ്തു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ നടന്ന യോഗത്തിൽ മേഖലയിലെ സുരക്ഷ, സൈനിക വർധന എന്നിവയുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാൻ അതത് മന്ത്രാലയങ്ങൾ നടത്തിയ തയാറെടുപ്പുകളും അവലോകനം ചെയ്തു.
പൗരന്മാരുടെയും താമസക്കാരുടെയും അടിസ്ഥാന സേവനങ്ങളും ആവശ്യങ്ങളും സുരക്ഷിതമാക്കുക, എല്ലാ പൊതു ഉപയോഗങ്ങളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുക, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുക എന്നിവയെകുറിച്ചും ചർച്ച ചെയ്തതായും ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അബ്ദുല്ല അൽ മൗഷർജി പറഞ്ഞു.
ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയയെ ഇറാനിൽ കൊലപ്പെടുത്തിയതിന് പിറകെയാണ് മേഖലയിൽ പുതിയ അനിശ്ചിതത്വം ഉടലെടുത്തത്. കൊലപാതകത്തിൽ ഇറാന്റെ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് വിവിധ രാജ്യങ്ങൾ. ഇറാൻ-ഇസ്രായേൽ ആക്രമിച്ചാൽ അത് മേഖലയിലാകെ വ്യാപിക്കും.
അതിനിടെ, അയൽക്കാർക്കും സഖ്യകക്ഷികൾക്കും എതിരെ സൈനിക പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിന്റെ ഭൂമിയോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹമദ് അൽ സഖർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനുള്ള ലോഞ്ച്പാഡായി കുവൈത്തിനെ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.