കുവൈത്തില്‍ ആറുമാസത്തിനകം  വാറ്റ് നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്തില്‍ ആറുമാസത്തിനകം  വാറ്റ് നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആറുമാസത്തിനകം മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് ധനമന്ത്രാലയത്തിന്‍െറ പരിഗണനയിലാണെന്നാണ് വിവരം. വിദ്യാഭ്യാസം, ബാങ്കിങ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവക്ക് വാറ്റില്‍നിന്ന് ഒഴിവ് നല്‍കുമെന്നും സൂചനയുണ്ട്. ചെറിയ സ്ഥാപനങ്ങളെ ഒഴിവാക്കി വന്‍കിടക്കാരില്‍നിന്ന് മാത്രം നികുതി ചുമത്താനാണ് ആലോചിക്കുന്നത്. അഞ്ചു ശതമാനത്തില്‍ താഴെ നികുതി മാത്രമേ ഏര്‍പ്പെടുത്തൂ. ആറുമാസത്തിനകം ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെങ്കിലും 2018 തുടക്കം മുതലേ പ്രാബല്യത്തിലാവൂ. 
കമ്പനികള്‍ക്ക് പുതിയ രീതിയിലേക്ക് അക്കൗണ്ടിങ് സിസ്റ്റം മാറ്റാന്‍ വേണ്ടത്ര സമയം നല്‍കേണ്ടതുണ്ടെന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്. കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് ഒൗദ്യോഗിക തലത്തില്‍തന്നെ പരിശീലനം നല്‍കും. ജി.സി.സി രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിനുള്ള നീക്കം പുരോഗമിക്കുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജി.സി.സി രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സാങ്കേതിക സമിതിയുടെയും സംയുക്തയോഗം ഉടന്‍ ചേരുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ അനസ് അല്‍സാലിഹ്  ജൂണില്‍ അറിയിച്ചിരുന്നു. അടുത്ത സെപ്റ്റംബറിലോ ഒക്ടോബറിലോ ചേരുന്ന യോഗത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ അടിത്തറയൊരുക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജി.സി.സി ധനകാര്യ സഹകരണ സമിതിയുടെ 104ാമത് യോഗം അടുത്തിടെ ജിദ്ദയില്‍ ചേര്‍ന്നിരുന്നു. മൂല്യവര്‍ധിത നികുതി, പ്രത്യേക നികുതി എന്നിവയുടെ കാര്യത്തില്‍ പ്രാഥമിക രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു. രണ്ടു വര്‍ഷത്തിനകം മൂല്യവര്‍ധിത നികുതി നടപ്പാക്കാനാണ് ജി.സി.സി ലക്ഷ്യമിടുന്നത്. ഇതും പ്രത്യേക നികുതികളും നടപ്പാക്കുന്നതോടെ ലഭിക്കുന്ന പണം അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍. നികുതി ഏര്‍പ്പെടുത്തുന്നത് വരുമാനത്തിന്‍െറ വൈവിധ്യവത്കരണത്തിന് സഹായകമാവുമെന്നും കരുതുന്നു.

Tags:    
News Summary - VAT in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.