കുവൈത്ത്സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 289 പേർ പിടിയിലായി. ഫഹാഹീൽ, മംഗഫ്, ഫർവാനിയ, ഷുവൈഖ്, ഹവല്ലി, ഖൈതാൻ, ഹസാവി, കബ്ദ് എന്നിവിടങ്ങളിലായാണ് പരിശോധന നടത്തിയത്. പ്രാദേശിക മദ്യം കൈവശം വെച്ച ഒമ്പതുപേർ, ഒരു തെരുവ് കച്ചവടക്കാരൻ, മയക്കുമരുന്നെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കൾ കൈവശം വെച്ചിരുന്ന മറ്റൊരാൾ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. പിടിയിലായവർക്കെതിരെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ രാവിലെയും വൈകുന്നേരവുമായി വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. അതിനിടെ, കഴിഞ്ഞ വർഷം 42,000 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇതുവരെ ഉള്ളതിൽവെച്ച് ഏറ്റവും വലിയ കണക്കാണിത്. 2022ൽ 21,000 പ്രവാസികളെ നാടുകടത്തിയിരുന്നു.
നിയമ ലംഘകരെ ശക്തമായി നേരിടാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് ശക്തമായ നിർദേശം നൽകിയിരുന്നു. രാജ്യത്തെ ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുക, തൊഴിൽ വിപണിയെ നിയന്ത്രിക്കുക എന്നിവയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.