കുവൈത്ത് സിറ്റി: ഫിലിപ്പിനോകൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ വിലക്ക് കുവൈത്ത് പിൻവലിച്ചു. ഫിലിപ്പിനോകൾക്ക് എല്ലാത്തരം വിസകളും പുനരാരംഭിക്കുകയും വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന് അനുമതി നൽകുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നം അവസാനിപ്പിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹും ഫിലിപ്പൈൻ കുടിയേറ്റ തൊഴിൽ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ബെർണാഡ് ഒലാലിയയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും മറ്റ് ആശങ്കകളും പരിഹരിക്കുന്നതിന് സംയുക്ത സാങ്കേതിക പ്രവർത്തക സമിതി രൂപവത്കരിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന, 2018ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറും ഉറപ്പാക്കും.
വിസ നിരോധനം നീക്കിയതിനെ കുവൈത്തിലെ ഫിലിപ്പീൻസ് എംബസി സ്വാഗതം ചെയ്തു. 2020ൽ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ടതിന് പിറകെ കുവൈത്തിൽ ജോലിക്ക് പോകുന്ന പൗരന്മാർക്ക് ഫിലിപ്പീൻസ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് പിന്നീട് നീക്കിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരു കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫിലിപ്പീൻസ് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തി.
ഇതിനിടെ കുവൈത്ത് കഴിഞ്ഞ മേയ് മുതൽ ഫിലിപ്പീനികൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. കുവൈത്തിൽ ഏകദേശം 2,70,000 ഫിലിപ്പീൻസുകാരുണ്ട്. ഇതിൽ പലരും വീട്ടുജോലിക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.