കുവൈത്ത് സിറ്റി: മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് എംബസികളിലെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) ഉപയോഗപ്പെടുത്താമെന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉറപ്പ് പ്രവാസികൾക്ക് ഗുണകരമാകും. ഇതുസംബന്ധിച്ച് വിദേശ എംബസികളിലെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എം.പി. അബ്ദുസ്സമദ് സമദാനിയുടെ ലോക്സഭയിലെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടിവരുന്ന ഫണ്ട് ആവശ്യാനുസരണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
നിലവിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തുന്നുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഈ വർഷം 13 ലക്ഷം ചെലവഴിച്ചു. സ്ട്രെച്ചർ, വീൽചെയർ എന്നിവയിൽ നാട്ടിൽ എത്താൻ അപേക്ഷിക്കുന്ന നിർധനർക്കും സഹായം നൽകിവരുന്നു. എന്നാൽ, ഇത്തരക്കാരുടെ യാത്രച്ചെലവുകൾ മാത്രമാണ് എംബസി വഹിക്കുന്നത്. ചികിത്സ, ആശുപത്രിച്ചെലവ്, വാടക, ഭക്ഷണം എന്നിവ സന്നദ്ധപ്രവർത്തകരാണ് പലപ്പോഴും നിറവേറ്റുന്നത്. ഇത്തരം ചെലവുകൾക്കും കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്താനായാൽ നിരവധി പ്രവാസികൾക്ക് ഗുണകരമാകും. ഇത് പ്രവാസികളും സന്നദ്ധ പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്.
കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ എന്നിവർ തൊഴിലുടമയിൽനിന്ന് വിട്ടുപോന്ന് അഭയം തേടുമ്പോൾ അവർക്കുള്ള താമസം, യാത്ര, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അടിയന്തര ചികിത്സ, വിവിധ കാരണങ്ങളാൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാന ടിക്കറ്റ്, കേസിൽ കുടുങ്ങിയവർക്ക് നിയമസഹായത്തിനുള്ള ചെലവ് തുടങ്ങിയവക്ക് ഐ.സി.ഡബ്ല്യു ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, നാലു വർഷമായി കുവൈത്തിലെ ഇന്ത്യൻ എംബസി നിയമസഹായത്തിന് തുക ചെലവഴിച്ചിട്ടില്ലെന്ന് വി. മുരളീധരൻ നേരത്തേ ലോക്സഭയിൽ അറിയിച്ചിരുന്നു. അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി 2019ൽ 2.41 ലക്ഷം, 2020ൽ 10.79 ലക്ഷം, 2021ൽ 16.75 ലക്ഷം, 2022ൽ 27.53 ലക്ഷം, 2023 ജൂൺ 30 വരെ 13 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചിട്ടുണ്ട്. ഈ വർഷം ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം കുവൈത്ത് ഇന്ത്യൻ എംബസിയിലെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ 17.96 കോടി രൂപയാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.