നാട്ടിൽ സാധാരണ പ്രസവങ്ങൾ കുറഞ്ഞുവരുകയാണ്. സിസേറിയൻ ആണ് അധികവും നടക്കുന്നത്. ഗൾഫിലാണെങ്കിൽ സാധാരണ പ്രസവമേ കേൾക്കാറുള്ളൂ. അത്യപൂർവമായേ ശസ്ത്രക്രിയ നടക്കാറുള്ളു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ആശുപത്രികളുടെ ചൂഷണങ്ങൾക്ക് നമ്മുടെ സഹോദരിമാർ ഇരയാകുന്ന കാഴ്ചയാണ് കാണുന്നത്.
ഇതിനെതിരിൽ ബോധവാന്മാരാകണം നമ്മൾ. പ്രസവ സമയത്തോടടുത്താൽ പലതും പറഞ്ഞു അമ്മമാരെയും നമ്മെയും പേടിപ്പിച്ചു സിസേറിയന് ഒപ്പിട്ടുകൊടുക്കേണ്ട അവസ്ഥയാണ്. കുട്ടിയുടെ ഹാർട്ട് ബീറ്റ് കുറഞ്ഞുകൊണ്ടിരിക്കുന്നു, ഗർഭിണിയുടെ ജീവൻ അപകടത്തിലാകും, ഞങ്ങൾ അതിനു ഉത്തരവാദികളാവില്ല...എന്നിങ്ങനെ ഭയപ്പെടുത്തലിെൻറ സംസാരങ്ങളുമായി ഡോക്ടർ മുന്നിലെത്തും. ഇത് കേട്ട് ഒരു നിമിഷം വൈകിപ്പിക്കേണ്ടന്ന് നമ്മൾ തീരുമാനിക്കും. പക്ഷേ, ഗൾഫിൽ ഇത്തരം ഭയപ്പെടുത്തലുകൾ കാണാറില്ല.
സുഹൃത്തിെൻറ ഭാര്യക്ക് കുവൈത്തിൽ കഴിഞ്ഞ ഒക്ടോബർ 25ന് പ്രസവ തീയതി ഗർഭ കാല സമയം വെച്ചു മുൻകൂട്ടി പറഞ്ഞിരുന്നു. 26ന് അവൻ ഓഫിസിൽ വന്നപ്പോൾ ഞാൻ ചോദിച്ചു വൈഫ് പ്രസവിച്ചോ? അവൻ പറഞ്ഞു ഇന്നലെ വേദന വന്നില്ല ഒരാഴ്ച കഴിഞ്ഞു ചെല്ലാൻ പറഞ്ഞു. അതിനിടയിൽ വേദനവന്നാൽ പോയാൽ മതി. അതിനുശേഷം 10 ദിവസം അവർ കാത്തിരുന്നു.
അത്രയും സമയം ഒരു പ്രശ്നമില്ലാതെ കുട്ടിയും ഉമ്മയും സുഖമായി ഇരുന്നു. എന്നിട്ടും പ്രസവിക്കാതിരുന്നപ്പോഴാണ് ശസ്ത്രക്രിയ ചെയ്തത്. ഞാനപ്പോൾ നാട്ടിലെ അവസ്ഥയാണ് ചിന്തിച്ചത്. തീയതി പറഞ്ഞ അന്ന് വേദന വന്നില്ലെങ്കിൽ മരുന്ന് വെക്കും, എന്നിട്ടും വേദനയില്ലെങ്കിൽ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കും.
നാട്ടിൽ ഒരു ഗൈനക്കോളജി ഡോക്ടറെ കാണിച്ചുതുടങ്ങിയാൽ പിന്നെ മറ്റൊരു ഡോക്ടറിലേക്ക് മാറാൻ വലിയ പ്രയാസമാണ്. പ്രസവമെടുക്കാനൊക്കെ അവർ തന്നെ വേണം. പക്ഷേ ഇവിടെ സ്ഥിരം കാണിക്കുന്ന ഡോക്ടർ തന്നെ ആവണമെന്നില്ല പ്രസവസമയത്ത്. എെൻറ ഭാര്യ രണ്ടുമാസം മുമ്പ് കുവൈത്തിൽ പ്രസവിച്ചു. ആദ്യത്തെ എട്ട് മാസം ഒരു ഡോക്ടറെ കാണിച്ചു, പിന്നീട് പ്രസവത്തോടടുത്തപ്പോൾ മറ്റൊരു ആശുപത്രിലേക്ക് മാറി. വേദന വന്ന സമയത്ത് അവിടെ കാണിച്ചുകൊണ്ടിരുന്ന ഡോക്ടർക്ക് അവധിയുള്ള ദിവസമായതിനാൽ പ്രസവമെടുത്തത് അവിടത്തെ മറ്റൊരു ഡോക്ടർ. ഇത്തരത്തിലുള്ള സൗകര്യം നാട്ടിലില്ലാത്തതും ചൂഷണങ്ങൾ വർധിക്കാൻ കാരണമാകുന്നു.
അനാവശ്യ ശസ്ത്രക്രിയകൾ മൂലം നമ്മുടെ സഹോദരിമാർക്ക് നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. സ്ത്രീകളുടെ ഭക്ഷണ രീതികളുടെ മാറ്റവും ആരോഗ്യക്കുറവുമല്ല നാട്ടിൽ പലപ്പോഴും ശസ്ത്രക്രിയകൾ കൂടാൻ കാരണം. മറിച്ച്, ആശുപത്രികളിലെ ഉപകരണങ്ങളും സൗകര്യങ്ങളും വർധിച്ചതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.