കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് എയർലൈൻസ് സർവിസ് നിലച്ചിട്ട് രണ്ടുമാസം പിന്നിടുന്നു. ഇപ്പോഴും വിമാന സർവിസ് എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. കുവൈത്ത് കണ്ണൂർ സെക്ടറിൽ മറ്റു വിമാനക്കമ്പനികളും സർവിസ് ആരംഭിച്ചില്ല. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് നിലവിലുള്ളത്.
കുവൈത്തിൽ അവധിക്കാലം ആരംഭിച്ച് കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കുന്ന പ്രധാന സമയത്താണ് ഗോ ഫസ്റ്റ് നിലച്ചത്. ഈ വിമാനത്തിന് നേരത്തെ ടിക്കറ്റെടുത്ത നിരവധി പേർക്ക് ഇതു തിരിച്ചടിയായി. കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് വൻതുകക്ക് ടിക്കറ്റ് എടുത്താണ് പിന്നീട് ഇവർ യാത്ര ചെയ്തത്. പലരും മടക്ക ടിക്കറ്റും എടുത്തതിനാൽ തിരിച്ചുവരുന്ന സമയത്തെങ്കിലും വിമാനം പുനരാരംഭിക്കുമോ എന്ന പ്രതീക്ഷയിലാണ് കണ്ണൂർ പ്രവാസികൾ.
അതിനിടെ, സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട് വിശകലനം നടത്തിയ ശേഷം ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഗോ ഫസ്റ്റിന്റെ സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട് വിശകലനം നടത്തുകയാണ്.
മുംബൈ, ഡൽഹി ടീമുകൾ തയാറാക്കിയ ഓഡിറ്റ് റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ പരിശോധിച്ചുകഴിഞ്ഞു. മൂന്ന് ദിവസങ്ങളിലായാണ് ഓഡിറ്റ് പരിശോധന നടന്നത്. റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് ഗോ ഫസ്റ്റിന്റെ ഭാവിസംബന്ധമായ തീരുമാനം ഉണ്ടാവുക.
വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ സംബന്ധമായ വിഷയങ്ങളിലാണ് ഓഡിറ്റ് ഊന്നൽ നൽകുകയെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം 28 സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധമായ പദ്ധതികൾ ഗോ ഫസ്റ്റ് സമർപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം മുംബൈയിലും ഡൽഹിയിലുമായി സ്പെഷൽ ഓഡിറ്റുകൾ നടത്താൻ പദ്ധതിയുള്ളതായി ഏവിയേഷൻ അധികൃതർ വ്യക്തമാക്കുകയുമുണ്ടായി.
ഈ മാസം നാല് മുതൽ ആറ് വരെ എയർലൈൻസിന്റെ സുരക്ഷ സംബന്ധമായ കാര്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഓഡിറ്റ് നടന്നതായി റിപ്പോർട്ടുണ്ട്. 22 വിമാനങ്ങളുമായി കഴിയും വേഗത്തിൽ വിമാന സർവിസുകൾ പുനരാരംഭിക്കാനാണ് ഗോ ഫസ്റ്റ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് എയർലൈൻസ് സർവിസ് നിലച്ചത് ഈ സെക്ടറിലെ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് സർവിസ് കുവൈത്തിൽ നിന്നുണ്ടായിരുന്നു. ഗോ ഫസ്റ്റ് നിർത്തിയതോടെ കണ്ണൂർ, കാസർകോട് ജില്ലക്കാർക്കൊപ്പം കോഴിക്കോട്, അതിർത്തി സംസ്ഥാനങ്ങളിലെ യാത്രക്കാർ എന്നിവരും ദുരിതത്തിലായി. സർവിസുകൾ റദ്ദാക്കിയതോടെ ടിക്കറ്റിന് നൽകിയ തുക തിരിച്ചു കിട്ടാത്ത പരാതികളും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.