നോമ്പുകാലത്ത് സ്ത്രീകൾ ചില അധികച്ചുമതലകൾ ഒറ്റക്ക് വഹിക്കേണ്ടി വരുന്നത് പലയിടങ്ങളിലും കണ്ടുവരാറുണ്ട്. നോമ്പിന് മുന്നേയുള്ള നനച്ചു കുളി (വീടും പരിസരവും വൃത്തിയാക്കൽ) മുതൽ ഇത് പ്രകടമാകും. നോമ്പുകാലത്ത് ദിവസത്തിലെ നല്ലൊരു ഭാഗം സ്ത്രീകൾക്ക് അടുക്കളയിൽ ചെലവിടേണ്ടി വരുന്നു എന്നതും മറ്റൊരു വിഷയമാണ്. ഇസ്ലാം നിഷ്കർഷിക്കുന്നത് വളരെ ലളിതമായ ഭക്ഷണരീതികളാണ്. പക്ഷേ, നമ്മുടെ നാട്ടിൽ നോമ്പ് കാലം ഭക്ഷണ വൈവിധ്യങ്ങളാൽ നിറയുന്ന കാഴ്ചയാണ് പലയിടത്തും. ഇതിനാൽ നോമ്പ് തുറക്കും അത്താഴത്തിനുമായി സ്ത്രീകൾ ഒരുപാട് സമയം അടുക്കളയിൽ ചെലവഴിക്കേണ്ടി വരുന്നു.
വീട് വൃത്തിയാക്കലും പാചകവും മറ്റു വീട്ടുജോലികളും എല്ലാ കുടുംബാംഗങ്ങളും പങ്ക് ചേർന്ന് ചെയ്തു തീർക്കേണ്ടതാണ്. റമദാനിൽ മാത്രമല്ല, എല്ലാ സമയങ്ങളിലും അത് സ്ത്രീകളുടെ മാത്രം ചുമതലകളായി കാണുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. പ്രാർഥനകളിലും മറ്റ് ആരാധനകളിലും പുരുഷൻമാരെപ്പോലെതന്നെ സ്ത്രീകൾക്കും സജീവമാകേണ്ട കാലമാണ് റമദാൻ എന്നതും ഓർക്കണം. നോമ്പ് തുറ സൽക്കാരങ്ങളിലും മറ്റും അവസാനം മാത്രം സ്ത്രീകൾ കഴിക്കുന്ന സാഹചര്യങ്ങളും ചിലയിടങ്ങളിലെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുവെന്നതും ദൗർഭാഗ്യകരമാണ്.
ആർത്തവം, ഗർഭം, മുലയൂട്ടൽ എന്നീ അവസ്ഥകളിൽ നോമ്പ് എടുക്കേണ്ടതില്ലെന്നതിനാൽ ആ സമയങ്ങളിൽ ആവശ്യമായ പോഷണവും വിശ്രമവുമെല്ലാം സ്ത്രീകൾക്ക് കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കുടുംബത്തിലെ മറ്റുള്ളവരും ശ്രദ്ധിക്കണം. സമയത്തിന് പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് ഇത്തരം അവസ്ഥകളിൽ ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രധാനമാണ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ആരോഗ്യത്തെ കൂടി ബാധിക്കും.
ആരോഗ്യസംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
● ലളിതമായ ഭക്ഷണരീതികൾ ശീലമാക്കുക. നോമ്പുതുറക്കും അത്താഴത്തിനും എളുപ്പത്തിൽ തയാറാക്കാവുന്ന അൽപം വിഭവങ്ങൾ മാത്രം തയാറാക്കുക.
● പാചകത്തിലും വൃത്തിയാക്കലിലും മറ്റു വീട്ടുജോലികളിലും കുടുംബാംഗങ്ങൾ എല്ലാവരും പങ്കാളികളാവുക.
● കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. സ്ത്രീകൾ അവസാനം മാത്രം കഴിക്കുന്ന രീതികൾ നിരുത്സാഹപ്പെടുത്തുക.
● സ്ത്രീകൾക്ക് നോമ്പെടുക്കേണ്ടാത്ത സാഹചര്യങ്ങൾ ഉണ്ടെന്നത് വീട്ടിലെ ആണുങ്ങളും കുട്ടികളുമടക്കം എല്ലാവരും മനസ്സിലാക്കുന്ന രീതിയിൽ ആശയ വിനിമയം നടത്തുക. അതെല്ലാം സ്വാഭാവികമായ ജൈവപ്രക്രിയകളാണെന്ന ബോധം എല്ലാവരിലും ഉരുത്തിരിയേണ്ടതുണ്ട്. അങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ പ്രയാസമോ വലിയ ബുദ്ധിമുട്ടുകളോ ഇല്ലാതെതന്നെ സ്ത്രീകൾക്ക് ആവശ്യമായ ഭക്ഷണവും വിശ്രമവുമെല്ലാം പ്രാപ്യമാവും.
● ആർത്തവം, ഗർഭം, മുലയൂട്ടൽ എന്നീ അവസ്ഥകളിലുള്ള സ്ത്രീകൾ പോഷകഗുണമുള്ള ഭക്ഷണം ആവശ്യാനുസരണം കഴിക്കാൻ ശ്രദ്ധിക്കുക. വെള്ളവും പഴവും പച്ചക്കറികളും ഇടയ്ക്കിടെ കഴിക്കാനും മറക്കരുത്.
● ഉപവാസമെടുക്കുന്ന കുടുംബാംഗങ്ങൾ/ സഹപ്രവർത്തകർ എന്നിവരെ മാനിക്കണം. പക്ഷേ, അത് നിങ്ങളുടെ ആരോഗ്യത്തിന് കോട്ടംതട്ടിക്കുന്ന രീതിയിൽ ആവശ്യമായ ഭക്ഷണമോ വിശ്രമമോ നിഷേധിക്കേണ്ടി വരുന്ന അവസ്ഥയിലേക്കെത്താതെ നോക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.