കുവൈത്ത് സിറ്റി: രാജ്യത്തെ രക്തദാതാക്കളിൽ പ്രവാസികളുടെ പങ്ക് വലുത്. കുവൈത്തിലെ രക്തദാതാക്കളിൽ 45 ശതമാനം പ്രവാസികളാണ്. രക്തദാതാക്കളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 85,000 ബാഗ് രക്തവും 8,000 പ്ലേറ്റ്ലെറ്റും രാജ്യത്ത് ശേഖരിച്ചതായി അദ്ദേഹം അറിയിച്ചു. രക്തദാതാക്കളിൽ 55 ശതമാനമാണ് സ്വദേശികളുടെ നിരക്ക്.
ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രക്തപ്പകർച്ചയും സെല്ലുലാർ തെറപ്പി സേവനങ്ങളും രാജ്യത്ത് ഉറപ്പാക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ആഗോള അടിസ്ഥാനത്തില്‍ അംഗീകാരം നേടിയ ഏക അറബ് ബ്ലഡ് ബാങ്ക് കുവൈത്ത് ബ്ലഡ് ബാങ്കാണ്. അമേരിക്കൻ ബ്ലഡ് ബാങ്ക്സ് ഓർഗനൈസേഷനിൽനിന്ന് അംഗീകാരം ലഭിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കുവൈത്ത് ബ്ലഡ് ബാങ്കെന്നും അൽ അവാദി പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ എന്‍.ജി.ഒകളുടെയും കൂട്ടായ പരിശ്രമത്തെ അദ്ദേഹം പ്രശംസിച്ചു. രക്തദാനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ദാതാക്കളെയും ചടങ്ങില്‍ ആദരിച്ചു. രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനായി രക്തത്തിന്റെയും ഡെറിവേറ്റീവുകളുടെയും വിതരണം ഉറപ്പാക്കുന്നതിനാണ് ഈ വര്‍ഷത്തെ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവിസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. റീം അൽ റദ്വാൻ പറഞ്ഞു. രക്തദാനം അമൂല്യമായ ഒന്നാണെന്നും ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.