ദേശാടനപ്പക്ഷികളുടെ ഇരു ദിശകളിലേക്കുമുള്ള ദേശാടനത്തെ സൂചിപ്പിക്കനായി എല്ലാ വർഷവും രണ്ടു തവണയായി ഐക്യരാഷ്ട്രസഭയുടെ (യു.എൻ) പരിസ്ഥിതി സംഘടന കൊണ്ടാടുന്ന ദിനമാണ് ലോക ദേശാടനപ്പക്ഷി ദിനം. വർഷവും രണ്ടു തീയതികളിലായി നടത്തപ്പെടുന്ന ദിനം ഈ വർഷം മേയ് 11, ഒക്ടോബർ 12 തീയതികളിലാണ്. ലോകമെമ്പാടുമുള്ള ദേശാടനപ്പക്ഷികളെ അനുസ്മരിക്കാനും അവ ദേശാടനത്തിന്റെ അവസരത്തിൽ നേരിടുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുമായി യു.എൻ 2006ൽ ആരംഭിച്ചതാണ് ലോക ദേശാടനപ്പക്ഷി ദിനം. ലോകമെമ്പാടും 118ഓളം രാജ്യങ്ങൾ ഇതിൽ വർഷംതോറും പങ്കെടുക്കുന്നു. ഈ വർഷം ഈ ദിനത്തിന്റെ അജണ്ട ‘പ്രാണികൾ’ആണ്.
വലുപ്പ ചെറുപ്പ വ്യത്യാസം ഇല്ലാതെ പക്ഷികൾ മിക്കവയും ദേശാടന പാത കടന്നു പോകുന്ന ഇടങ്ങളിലെ പ്രാണി സമ്പത്തിനെ വലിയ രീതിയിൽ ആശ്രയിക്കാറുണ്ട്. ഇത് ഇവക്ക് മുന്നോട്ടുള്ള യാത്രക്കായി ഊർജം പകരുന്നു. കുവൈത്തിലെ കാര്യം എടുത്താൽ അറേബിയൻ മരുഭൂമിയിൽ കാണുന്ന വെട്ടുകിളികളും വണ്ടുകളും തേനീച്ചകളും തുമ്പികളുമാണ് കിളികളുടെ പ്രാണിഭക്ഷണം. പ്രാണികൾ യഥേഷ്ടമുള്ള കാലത്തിന് അനുസരിച്ചാണ് പല പക്ഷികളും യാത്ര നടത്തുക.
പകൽ സമയം മൊത്തം പറന്നു നടന്നു പ്രാണികളെ മാത്രം ആശ്രയിച്ചു ഭക്ഷണ സമ്പാദനം നടത്തുന്ന പാറ്റപിടിയാൻ, ശരപ്പക്ഷി, കത്രിക വിഭാഗത്തിൽ പെട്ട കിളികൾ എന്നിവ പ്രത്യേകിച്ചും. എന്നാൽ ലോകമെമ്പാടും വന്നിട്ടുള്ള പ്രാണികളുടെ കുറവ് ഇവയുടെ ദേശാടന യാത്രയെ ബാധിച്ചിട്ടുണ്ട്. ദേശാടനപ്പക്ഷികളുടെ യാത്രയിൽ പ്രാണികൾ വഹിക്കുന്ന പങ്കും, നിർണായക സ്വാധീനവും ഈ വർഷത്തെ ലോക ദേശാടന പക്ഷി ദിനത്തിലെ മുദ്രാവാക്യമായ ‘പ്രാണികളെ സംരക്ഷിക്കൂ - പക്ഷികളെ സംരക്ഷിക്കൂ’ എന്നത് നമ്മളെ ഓർമിപ്പിക്കുന്നു. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സന്തുലിതമായ നിലനിൽപ്പും അത് ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.