മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 198 ഇലക്ട്രോണിക് ഷീഷ പിടിച്ചെടുത്തു. ജലൻ ബാനി ബുഹാസൻ വിലായത്തിലെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യസംരക്ഷണം കണക്കിലെടുത്തും നിരോധിത വസ്തുക്കളുടെ വ്യാപനം ചെറുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇവ പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. കടയിൽ ഇലക്ട്രോണിക് ഷീഷ വിൽക്കുന്നതായി ഉപഭോക്താവിൽനിന്ന് വകുപ്പിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജുഡീഷ്യൽ കൺട്രോൾ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സാധനങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടുകയും ചെയ്തു.
നിയമനടപടികൾ പൂർത്തിയാക്കി ഇവ പിന്നീട് നശിപ്പിച്ചുകളയുമെന്ന് അധികൃതർ വ്യക്തമാക്കി. അധികൃതർ നിർദേശിച്ച ഉത്തരവുകളും ചട്ടങ്ങളും പാലിക്കാൻ കടകളും വാണിജ്യസ്ഥാപനങ്ങളും തയാറാകണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.