നഗരവികസനം : നഗരസഭയുടെ കീഴിലുള്ള  കഫറ്റീരിയകള്‍ പൊളിക്കുന്നു

മസ്കത്ത്: നഗരവികസനത്തിന്‍െറ ഭാഗമായി മസ്കത്ത് നഗരസഭയുടെ കീഴിലുള്ള കഫറ്റീരിയകള്‍ പലതും പൊളിച്ചുമാറ്റുന്നു. മസ്കത്ത് മുനിസിപ്പാലിറ്റി നിര്‍മിച്ചതും സ്വകാര്യ വ്യക്തികള്‍ക്ക് നടത്താന്‍ കൊടുത്തതുമായ അമ്പതോളം കഫറ്റീരിയകള്‍ മസ്കത്തിലുണ്ടായിരുന്നു. ഇവയില്‍ ഭൂരിഭാഗവും റൂവിയിലാണുണ്ടായിരുന്നത്. ഇവയില്‍ 90 ശതമാനവും അടച്ചുപൂട്ടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇവയില്‍ ചിലത് പൂട്ടിക്കഴിഞ്ഞു. ചില സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31വരെ സമയം അനുവദിച്ചതായും അറിയുന്നു. ഇത്തരം കഫറ്റീരിയകളില്‍ ചിലത് മാസങ്ങള്‍ക്ക് മുമ്പുതന്നെ പൂട്ടിയിരുന്നു. റൂവി നഗരത്തിന്‍െറ ഹൃദയഭാഗത്തുള്ളവയടക്കം നിരവധി കഫറ്റീരിയകള്‍ പൂട്ടുകയും പൊളിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കിടെ റൂവി നഗരത്തിലെ രണ്ട് കഫറ്റീരിയകള്‍ പൊളിച്ചിരുന്നു. റൂവി പ്ളാസയിലുണ്ടായിരുന്ന അഞ്ച് കഫറ്റീരിയകള്‍ മാസങ്ങള്‍ക്കുമുമ്പേ അടച്ചുപൂട്ടി. ഇത്തരം സ്ഥാപനങ്ങളില്‍ 90 ശതമാനവും മലയാളികള്‍ നടത്തുന്നവയാണ്. ഇവിടെ നൂറുകണക്കിന് മലയാളികളാണ് ജോലിചെയ്തിരുന്നത്. അടച്ചുപൂട്ടിയ പല കഫ്തീരിയകള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലതും ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചതിനാല്‍ പല മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. നഗരഹൃദയത്തിലായതിനാല്‍ ഗതാഗത പ്രശ്നങ്ങള്‍ അടക്കമുള്ള പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് ചില കഫറ്റീരിയകളുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ നേരത്തേതന്നെ പൂട്ടിയത്. റൂവി ക്ളോക്ക് ടവറിന് സമീപം അടുത്തിടെ അടച്ചുപൂട്ടിയ കഫ്തീരിയകള്‍ക്ക് 40 വര്‍ഷത്തെയെങ്കിലും ചരിത്രമുണ്ട്. മുനിസിപ്പാലിറ്റിയില്‍നിന്ന് സ്വദേശി ഏറ്റെടുത്ത ഇത്തരം കഫറ്റീരിയകള്‍ നടത്തിപ്പിനായി വിദേശികളെ ഏല്‍പിക്കുകയായിരുന്നു. അടുത്തിടെ റൂവിയില്‍ പൂട്ടിയ ഒരു കഫറ്റീരിയയില്‍ ഒരാഴ്ചമുമ്പാണ് രണ്ടുപേര്‍ നാട്ടില്‍നിന്ന് പുതിയ വിസയിലത്തെിയത്.  
ഗള്‍ഫിലത്തെിയ ഇവര്‍ക്ക് ഒരുമാസത്തെ ശമ്പളംപോലും വാങ്ങാന്‍ കഴിയാതെ തിരിച്ചുപറക്കേണ്ടിവന്നു. അടുത്തമാസം 31നുള്ളില്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് ലഭിച്ച പല കഫറ്റീരിയയുടെയും സ്പോണ്‍സര്‍മാര്‍ നീതിപീഠത്തെ സമീപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ കോടതിവിധി എതിരാവുന്നതുവരെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാലും മാസങ്ങള്‍ കൊണ്ട് ഒരു കാലത്ത് ഏറ്റവും തിരക്കുണ്ടായിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ ഓര്‍മയാവും. ഇതുവരെ നോട്ടീസ് കിട്ടാത്ത ചില കഫറ്റീരിയകള്‍ എപ്പോഴാണ് പൂട്ടേണ്ടിവരികയെന്ന ആശങ്കയില്‍ കഴിയുകയാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.